ആമുഖം


ഒത്തിരി നാളുകളായി തുടങ്ങണം എന്ന് കരുതിയ ഒരു സംരംഭം ഇന്ന് ആരംഭിക്കുകയാണ്. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചാണ് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും, അവര്‍ക്ക് കുട്ടികളോടുള്ള സമീപനത്തെയും, കുട്ടികളെ വളര്‍ത്തുന്ന രീതിയെയും, ഇവയെല്ലാം കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെയും നിരീക്ഷിച്ചതില്‍ നിന്നും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു -- മാതാപിതാക്കളുടെ നിലപാടുകളാണ് മിക്കവാറും കുട്ടികളുടെയും ഭാഗദേയം നിര്‍ണ്ണയിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും അവയില്‍ ഉണ്ടായിരുന്ന കുറവുകളെ എങ്ങനെ പരിഹരിക്കാം എന്ന അന്വേഷണത്തിലൂടെയും നിരന്തരമായ നിരീക്ഷണത്തിലൂടെയും നടത്തിയ കണ്ടെത്തലുകളാണ് തുടര്‍ന്ന് വിവരിച്ചിട്ടുള്ളത്.


വിവാഹം, പിതൃത്വം തുടങ്ങിയ കാര്യങ്ങള്‍ അങ്ങേയറ്റം ഉത്തരവാദിത്തം നിറഞ്ഞ കാര്യങ്ങളാണ്‌. പക്ഷെ എത്രപേര്‍ ഇവയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എടുത്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്. വിവാഹത്തെ തന്നെ ലൈംഗികതയ്ക്കുള്ള സമ്മതപത്രമായാണ് പലരും കാണുന്നത്. അതിനോട് ചേര്‍ന്ന് കിടക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പലരും മനസ്സിലാക്കുന്നില്ല. വിവാഹത്തെക്കുറിച്ചുള്ള മോഹനസ്വപ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിഞ്ഞുവീഴും. ജീവതത്തിലെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായുള്ള ഒരു യുദ്ധമാണ് പിന്നീട്. അവയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അടുത്ത പ്രശ്നങ്ങളും അവതരിക്കുകയായി -- ഒരു കുട്ടിയുടെ വരവ്. ഒരു കുഞ്ഞിന്റെ ജനനം സന്തോഷദായകമാണെന്കിലും അതിനെ നല്ല രീതിയില്‍ വളര്‍ത്തുവാന്‍ വേണ്ട അറിവും പരിശീലനവും ഇല്ലാത്തതിനാല്‍ അടുത്ത ഒരു ദുരന്തം കൂടി സംഭവിക്കുകയാണിവിടെ.


ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്പം അതിശയോക്തിപരമായിപ്പോയോ എന്ന് ചിലര്‍ക്ക് തോന്നാം. പക്ഷെ നാം കേള്‍ക്കാനും സ്വീകരിക്കാനും ഇഷ്ടപ്പെടാത്ത സത്യങ്ങളില്‍ ഒന്നാണിത്. മാതാപിതാക്കള്‍ക്ക് പറ്റുന്ന ഈ വീഴ്ചകളാണ് കുട്ടികള്‍ വഴി തെറ്റാനുള്ള പ്രധാന കാരണം. എല്ലാ കുട്ടികളും ഒരു പോലെയാണ് ജനിക്കുന്നത്. പൂ പോലെ നിര്‍മ്മലമായ ശരീരവും മനസ്സും ഉള്ളവര്‍. ഈ നിര്‍മ്മലങ്ങളായ പുഷ്പങ്ങള്‍ രക്തരക്ഷസ്സുകളായി മാറുന്നതെങ്ങനെ. രക്തരക്ഷസ്സുകളായി മാറുന്നതല്ല, മാറ്റപ്പെടുന്നതാണ്. നിഷ്കളങ്കരായിരുന്ന മക്കള്‍ രക്തരക്ഷസ്സുകളായി മാറുമ്പോള്‍ അത് കണ്ട് വിലപിക്കുന്ന മാതാപിതാക്കളെക്കണ്ട് നാം അവരോട് സഹതാപിക്കറുണ്ട്. അവിടെ ഒരു സത്യം മറയ്ക്കപ്പെടുന്നു. ഈ സത്വങ്ങളെ ഇത്തരത്തില്‍ ആക്കിയെടുത്തത് അവര്‍ തന്നെയാണെന്ന സത്യം.


ഈ അവസരത്തില്‍ ഞാന്‍ ചെറുപ്പത്തില്‍ കേട്ട ഒരു കഥയോര്‍ക്കുകയാണ്. കഥയിങ്ങനെയാണ്‌ -- ഒരു അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്ത കുറവ് അറിയരുതെന്ന് കരുതി അവന്‍ ചോദിച്ചതെല്ലാം നല്‍കി അവര്‍ അവനെ വളര്‍ത്തി. നല്ല ഭക്ഷണം, നല്ല വസ്ത്രം, പണം എല്ലാം. അവന്‍ കിട്ടിയ പണമെല്ലാം ദുരുപയോഗിച്ച് ഒരു ധൂര്‍ത്തനായി നടന്നു. തന്റെ ധൂര്‍ത്തിന് പണം തികയാതെ വന്നപ്പോള്‍ അവന്‍ മോഷണം തുടങ്ങി. അങ്ങനെ ഒരു മോഷണ ശ്രമത്തിനിടയില്‍ അവന്‍ ഒരാളെ കൊന്നു. കൊലപാതകത്തിന് അവനെ വധശിക്ഷയ്ക്ക് വിധിച്ചു. തൂക്കുമരത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആരാച്ചാര്‍ അവനോട് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു. എനിക്ക് എന്റെ അമ്മയോട് സംസാരിക്കണം എന്ന് അവന്‍ പറഞ്ഞു. അധികൃതര്‍ അമ്മയെ മകന്റെ അടുത്തേയ്ക്ക് നയിച്ചു. അമ്മയുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതുപോലെ നടിച്ചതിനു ശേഷം അവന്‍ അവരുടെ ചെവി കടിച്ചെടുത്ത്‌ അലറി. സ്ത്രീയേ നിങ്ങള്‍ എന്റെ തെറ്റുകള്‍ യഥാ സമയം തിരുത്തിയിരുന്നെങ്കില്‍, എന്റെ ദുശീലങ്ങളെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ എനിക്ക് ഇന്നീ ഗതിയുണ്ടാകുമായിരുന്നില്ല. മേല്‍പ്പറഞ്ഞത്‌ ഒരു കഥ മാത്രമാണെങ്കിലും അതില്‍ ഒരു വലിയ സന്ദേശം അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെ നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ചുള്ള സന്ദേശം.


പിടിവാശികളെയും, തെറ്റിനെയും പ്രോത്സാഹിപ്പിക്കാതിരിക്കുക.


മനുഷ്യന്‍ വളരെ ബുദ്ധിയുള്ള ഒരു ജീവിയാണെന്ന് നമുക്കറിയാമല്ലോ. അതുകൊണ്ട് മനുഷ്യക്കുഞ്ഞുങ്ങളും അതുപോലെ വളരെ ബുദ്ധി ശക്തിയുള്ളവരാണെന്നു സംശയം വേണ്ട. വളരെ ചെറുപ്രായത്തില്‍ത്തന്നെ, നിങ്ങള്‍ ഊഹിക്കുന്നതിനെക്കാള്‍ ചെറുപ്രായത്തില്‍ത്തന്നെ അവര്‍ 'കളികള്‍' തുടങ്ങും. അല്‍ഭുതം തോന്നുന്നുണ്ടാകുമല്ലേ? അതെ, ഏതാണ്ട് ഒന്നര വയസ്സ് മുതല്‍ അവര്‍ താനുമായി ഇടപെടുന്ന ആള്‍ക്കാരെ മനസ്സിലാക്കി അതിനനുസ്സരിച്ചു പ്രതികരിച്ചു തുടങ്ങും. രണ്ടു രണ്ടര വയസ്സ് മുതല്‍ അവര്‍ മാതാപിതാക്കളുടെ ബലഹീനതകള്‍ മനസ്സിലാക്കി നീക്കങ്ങള്‍ നടത്തിത്തുടങ്ങും. എങ്ങനെയെന്നല്ലേ? ഉദാഹരണത്തിന് അവര്‍ക്ക് എന്തെങ്കിലും ഒരു സാധനം (ഭക്ഷണമോ, കളിപ്പാട്ടമോ) വേണമെന്നിരിക്കട്ടെ. അവര്‍ അതിനായി കരച്ചില്‍ തുടങ്ങും. മാതാപിതാക്കള്‍ ഓടിയെത്തി അവരെ ആശ്വസിപ്പിക്കും. അവര്‍ക്ക് വേണ്ടത് നല്‍കും. പതിയെ പതിയെ അവര്‍ക്ക് ഒരു കാര്യം മനസ്സിലാകും -- ഞാന്‍ കരഞ്ഞാല്‍ എനിക്ക് വേണ്ടത് കിട്ടും എന്ന്. പ്രായം രണ്ടു വയസ്സിനടുത്താകുമ്പോള്‍ മാതാപിതാക്കളും അവരുടെ 'കളി' തുടങ്ങണം. 'കളി' എന്നൊക്കെ കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, ഈ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോട് എന്നാ കളി കളിക്കാനാണ് എന്നൊക്കെ. തീര്‍ച്ചയായും, നമുക്ക് അവരുടെ പ്രായത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടായിരിക്കണം. കൊച്ചു തുമ്പിയെക്കൊണ്ട് പൊങ്ങാന്‍ പറ്റാത്ത കല്ലെടുപ്പിക്കുന്നതുപോലെ ആകരുത്. അവരുടെ നന്മ മാത്രമായിരിക്കണം നമ്മുടെ നീക്കങ്ങളുടെ പ്രചോദനം, ലക്‌ഷ്യം.


സല്‍പ്രവൃത്തികളെ, നേട്ടങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക / പ്രശംസിക്കുക..


മേല്‍പ്പറഞ്ഞത്‌ പോലെ ഏതാണ്ട് 2 വയസ്സ് മുതല്‍ കാര്യങ്ങളുടെ നിയന്ത്രണം, അല്ലെങ്കില്‍ കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. ഈ പ്രായത്തില്‍ നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം. കുട്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തെന്നിരിക്കട്ടെ. അപ്പോള്‍ നാം അവരെ പ്രോത്സാഹിപ്പിക്കണം. കൈയ്യടിക്കുകയും, ചിരിക്കുകയും, അവരെ കെട്ടിപ്പിടിക്കുകയും വേണം. കുട്ടികളുടെ സല്‍പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കരുത്. മാത്രമല്ല ഇത് എന്നും തുടരണം. സല്‍പ്രവൃത്തികള്‍ക്ക്‌ ഇങ്ങനെ ലഭിക്കുന്ന അംഗീകാരം അവര്‍ക്ക് വലിയ ഒരു പ്രചോദനമായിരിക്കും. എന്റെ അനുഭവം അതാണ്‌ കാണിക്കുന്നത്. ചെറിയ കുട്ടികള്‍ നമ്മെ അവരുടെ ആദര്‍ശ വ്യക്തികളായിക്കാണുന്നു. അതിനാല്‍ നമ്മെ സന്തോഷിപ്പിക്കാനായി, നമുക്ക് ഇഷ്ടമുണ്ട്/സമ്മതമാണെന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് വലിയ താല്പര്യമായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ 'ഇഷ്ടങ്ങളും, അനിഷ്ടങ്ങളും' -- അതായത് തെറ്റും ശരിയും അവരെ എപ്പോഴും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ നമുക്ക് അവരോടുള്ള വിശ്വാസവും പ്രകടിപ്പിക്കണം. അതെങ്ങനെയെന്നു വച്ചാല്‍ അവരോടു നാം പറയണം, 'മോന്‍/മോള്‍ ഒരു നല്ല കുട്ടിയാണ്. മോന്‍/മോള്‍ അങ്ങനെ ചെയ്യില്ല' (ഏതെങ്കിലും തെറ്റായ കാര്യം). കുട്ടികളില്‍ നാം അര്‍പ്പിക്കുന്ന വിശ്വാസവും അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാകും.


അതുപോലെതന്നെ വേണ്ടാത്ത കാര്യങ്ങള്‍ക്കു കുട്ടി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. അല്പമൊക്കെ കരഞ്ഞെന്നിരിക്കും. പക്ഷെ തെറ്റായ കാര്യങ്ങള്‍ക്കുള്ള പിടിവാശി പ്രോത്സാഹിപ്പിക്കരുത്. ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാം ഇപ്പോള്‍ ഇടപെടുന്നത്‌ വളരെ ചെറിയ ഒരു കുട്ടിയോടാണ്. അതിന് വലിയ ഒരു മാനസികാഘാതമോ, പേടിയോ ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ. അല്ലെങ്കില്‍ വിപരീത ഫലമായിരിക്കും ഉണ്ടാകുക. അതായത് ഒരു ഇളം കമ്പിനെ വളച്ചാല്‍ വളഞ്ഞുതരും. കൂടുതല്‍ വളച്ചാലോ, ഒടിയും. ഇത് മറക്കാതിരിക്കുക. അതായത്, കുഞ്ഞു ഒത്തിരി കരയുകയോ മറ്റോ ചെയ്‌താല്‍ കുറച്ചു വിട്ടു വീഴ്ച്ചയാകാം. അത് കുഞ്ഞിനെ ആശ്വസിപ്പിക്കലാകാം. കുഞ്ഞിന്റെ പിടിവാശി അനുവദിക്കലാകണമെന്നില്ല. ഇനി വേണ്ടി വന്നാല്‍ പിടിവാശി അനുവദിക്കുകയുമാകം -- കുഞ്ഞിന്റെ നന്മ കരുതി. പക്ഷെ അടുത്ത സന്ദര്‍ഭത്തിലും നാം നമ്മുടെ നിലപാട് പഴയതുപോലെ ആക്കണം. അതായത് കുട്ടി എന്തെങ്കിലും നല്ല കാര്യം ചെയ്‌താല്‍ അവരെ പ്രോത്സാഹിപ്പിക്കണം. അതുപോലെതന്നെ വേണ്ടാത്ത കാര്യങ്ങള്‍ക്കു കുട്ടി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കരുത് / നിരുല്സാഹപ്പെടുത്തണം. മേല്‍പ്പറഞ്ഞ പ്രക്രിയ കുറച്ചു നാളുകൊണ്ട് മാത്രമേ വിജയത്തിലെത്തിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഒരു ഇളം കമ്പിനെ കൂടുതല്‍ വളച്ചാല്‍ ഒടിയും എന്ന പ്രധാന തത്വം മറക്കാതിരിക്കുക.ഒരു ദിവസം കൊണ്ടോ, ഏതാനും ദിവസങ്ങള്‍ കൊണ്ടോ കുഞ്ഞിനെ അനുസരണ പഠിപ്പിക്കാമെന്നു കരുതിയാല്‍ തെറ്റി. ഇത് ഒരു നിരന്തരമായ പ്രക്രിയ ആണ്. നല്ല പ്രവൃത്തികളെ അനുമോദിക്കുക, തെറ്റായ പ്രവൃത്തികളെ നിരുല്‍സാഹപ്പെടുത്തുക. സാവകാശം ബുദ്ധിമാനായ കുഞ്ഞ് ഒരു കാര്യം മനസ്സിലാക്കും. നല്ല കാര്യങ്ങള്‍ക്ക്‌ ഇവിടെ പ്രോത്സാഹനം ലഭിക്കും. പിടിവാശി ഇവിടെ ചിലവാകുകയില്ല.


അച്ചടക്കം കുരുന്നിലേ പഠിപ്പിക്കണം.


ഇനി വേറൊരു കാര്യം പറയാം. ഒരു അച്ഛന്‍ കുറച്ചു മിഠായിയുമായി വീട്ടില്‍ വന്നു എന്നിരിക്കട്ടെ. ആ വീട്ടില്‍ പല പ്രായത്തിലുള്ള മക്കളുമുണ്ട് -- ഒരു വയസ്സുകാരന്‍ മുതല്‍ പന്ത്രണ്ടു വയസ്സുകാരന്‍ വരെ. ആ അച്ഛന്‍ മിഠായി ആദ്യം നല്കുന്നതാര്‍ക്കായിരിക്കും -- ഒരു സംശയവും വേണ്ട, കൂട്ടത്തിലെ ഏറ്റവും ഇളയ ആള്‍ക്ക് തന്നെയായിരിക്കും. ഇങ്ങനെ പല പ്രാവശ്യം ആവര്‍ത്തിച്ചു കഴിയുമ്പോള്‍ ഇളയ ആള്‍ക്ക് ഒരു കാര്യം മനസ്സിലാകും -- ആദ്യത്തെ പങ്കിന് അര്‍ഹന്‍ ഞാനാണെന്ന്. അങ്ങനെ അത് ഒരു അലിഖിത നിയമമായി മാറും.


പക്ഷെ ഈ അച്ഛന്‍ (അതായത് ഗ്രന്ഥകര്‍ത്താവ്) അതില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ മിഠായി കൊണ്ടുവന്നതിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചതിനു ശേഷം കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ക്ക് കൊടുക്കും. ചിലപ്പോള്‍ ഞാന്‍ കഴിച്ചെന്നിരിക്കും. അല്ലെങ്കില്‍ എനിക്കിഷ്ടമുള്ള ആര്‍ക്കെങ്കിലും കൊടുത്തെന്നിരിക്കും. അല്ലാതെ ഇളയ കുഞ്ഞിനു ആദ്യം, അല്ലെങ്കില്‍ അവന്‍/അവള്‍ കരയും എന്ന നിയമം ഇവിടെ നടപ്പില്ല. ആദ്യമൊക്കെ നാം ഇങ്ങനെ ചെയ്യുമ്പോള്‍ ഇളയ ആള്‍ അല്‍പ്പം പരാക്രമമൊക്കെ കാണിക്കും. കാണിച്ചില്ലെന്കിലെ അത്ഭുതമുള്ളൂ. കുഞ്ഞുങ്ങള്‍ കാണിക്കുന്നത് ഏതു ജീവിയുടെയും സ്വാഭാവികമായ (സ്വന്തം നിലനില്‍പ്പിനു വേണ്ടിയുള്ള) പ്രതികരണം മാത്രമാണ്. നിലനില്‍പ്പിനു ഭക്ഷണം കൂടിയേ തീരൂ. അതിനാല്‍ അത് കയ്യടക്കാന്‍ ഏതു ജീവിയും സ്വാഭാവികമായി ശ്രമിക്കും. പക്ഷെ മനുഷ്യന്‍ അങ്ങനെ ഏതെങ്കിലും ജീവിയല്ലല്ലോ. സംസ്കാരമുള്ള, വിദ്യ ആര്‍ജ്ജിച്ച ഒരു ജീവിയാണ് മനുഷ്യന്‍. അവന് അവന്റെ സമൂഹത്തില്‍ ജീവിക്കുന്നതിന്‌ കാടന്‍ രീതികളൊക്കെ വെടിഞ്ഞ് നാടന്‍ രീതികള്‍ സ്വീകരിക്കേണ്ടി വരും. ഈ നാടന്‍ രീതികളില്‍ ഒന്നാണ് അച്ചടക്കം. അത് നമ്മള്‍ കുട്ടികളെ “അച്ചടക്കം” എന്ന വാക്കിന്റെ അര്‍ഥം അറിയാന്‍ പറ്റാത്ത ആ പ്രായം മുതല്‍ പഠിപ്പിച്ചു തുടങ്ങണം.


തിരിച്ച് മിഠായി വിതരണത്തിലേയ്ക്ക് വരാം. അച്ഛന്‍ മിഠായി സ്വയം കഴിക്കുമ്പോഴോ, മുതിര്‍ന്ന കുട്ടികള്‍ക്ക് കൊടുക്കുമ്പോഴോ ഇളയ കുട്ടികള്‍ കൈകള്‍ കുടഞ്ഞും, ചാടിയും ഒക്കെ തങ്ങളുടെ അസഹിഷ്ണുത വെളിവാക്കും. ചിലര്‍ കരയാന്‍ ശ്രമിക്കും. അപ്പോള്‍ അവരോടു തരാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിനു ശേഷം വീണ്ടും ഒരു മുതിര്‍ന്ന ആള്‍ക്ക് മിഠായി കൊടുക്കണം. ഒരു കുട്ടി മാത്രമുള്ള വീട്ടിലാണെങ്കിലും ഈ പരിപാടി നടത്തണം. അവിടെ മുതിര്‍ന്ന കുട്ടികളായി അച്ഛനും, അമ്മയുമായിരിക്കും എന്ന് മാത്രം. തുടര്‍ന്ന് ഇളയ കുട്ടിക്കും മിഠായി നല്‍കണം. ഈ പതിവ് കുറച്ചു ദിവസങ്ങള്‍ ആവര്‍ത്തിച്ചാല്‍ ചെറിയ ആള്‍ തന്റെ ഊഴത്തിനു വേണ്ടി കാത്തിരിക്കാന്‍ പഠിക്കും. ആശയടക്കം പഠിപ്പിക്കാന്‍ വേറെയും വഴികളുണ്ട്. ഉദാഹരണമായി കടയില്‍ നിന്നും മിഠായി വാങ്ങി നല്‍കിയിട്ട് വീട്ടില്‍ ചെന്ന് കഴിച്ചാല്‍ മതിയെന്ന് പറയണം. കുഞ്ഞുങ്ങള്‍ കഴിക്കാന്‍ ശ്രമിച്ചെന്നിരിക്കും. അതിനെ സ്നേഹപൂര്‍വ്വം എന്നാല്‍ കര്‍ക്കശമായി വിലക്കണം. വീട്ടില്‍ ചെന്നാലുടന്‍ കഴിക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. പരീക്ഷിച്ചു നോക്കൂ. വിജയം ഉറപ്പാണ്. ഈ നടപടിയുടെ സാരാംശം ഇതാണ് -- അവര്‍ക്ക് നീതി നിഷേധിക്കില്ല, എന്നാല്‍ അല്‍പ്പം കാത്തിരിപ്പും, ക്ഷമയുമൊക്കെ വേണ്ടി വരും.


സ്നേഹം മനസ്സില്‍ ഉണ്ടായാല്‍ പോര പ്രകടിപ്പിക്കണം


എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ട്. വളരെ ദുഷ്ടരാണെന്ന് അയല്‍പക്കക്കാര്‍ കരുതുന്ന വ്യക്തികള്‍ പോലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെ മനസ്സലിവുള്ളവരായിരിക്കും. ചില മാതാപിതാക്കള്‍ കുഞ്ഞുങ്ങളോടും അല്പം കാര്‍ക്കശ്യമൊക്കെ കാണിച്ചെന്നിരിക്കും. പക്ഷെ അതും മക്കളോടുള്ള സ്നേഹം കൊണ്ടും അവര്‍ നന്നാകണം എന്ന ചിന്തകൊണ്ടും ഒക്കെയാണെന്നെ കരുതാന്‍ നിര്‍വാഹമുള്ളൂ. എന്നാല്‍ ഇതിനു അപവാദങ്ങളില്ലെന്നില്ല കേട്ടോ. ചില മാതാപിതാക്കള്‍ തികഞ്ഞ സ്വാര്‍ഥരും, ദുഷ്ടരും, ക്രൂരരുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ മുതലെടുത്ത്‌ ജീവിക്കുന്നവര്‍ വരെയുണ്ട്. ഭാഗ്യവശാല്‍ ഇക്കൂട്ടര്‍ ഒരു ന്യൂനപക്ഷമാണ്.


എന്റെ അനുഭവം പറയട്ടെ. എന്റെ അച്ഛന്‍ പൊതുവേ ഒരു പരുക്കന്‍ പ്രകൃതമായിരുന്നു. മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ഉണ്ടായിരുന്നു. ദേഷ്യം മൂക്കിനു തുമ്പത്ത്. വൈകുന്നേരം വന്നാല്‍ ആള് പുലിയായിരിക്കും. സാക്ഷാല്‍ ദൈവം തമ്പുരാന്‍ പോലും അദ്ദേഹത്തിന് പുല്ലാണ് (വെള്ളത്തിന്റെ ഓരോ കളികളേ...).  രാവിലെയോ.... പൂച്ച...  ഇങ്ങനെയൊരാള്‍ വീട്ടിലുണ്ടെന്ന് പോലും തോന്നുകയില്ല. ഇതായിരുന്നു പുള്ളിക്കാരന്റെ ഒരു ഏകദേശ ചിത്രം.


അദ്ദേഹം ജീവിതത്തിലൊരിക്കലും എന്നെയൊന്നു കെട്ടിപ്പിടിച്ചതായിട്ടോ, ഉമ്മവച്ചതായിട്ടോ എനിക്ക് ഓര്‍മ്മയില്ല. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാകാം. ഒരു പക്ഷെ അതൊക്കെ ഓര്‍മ്മ നില്‍ക്കാനുള്ള പ്രായമായിട്ടില്ലാത്ത കാലത്താകാം. അമ്മയ്ക്കേ അതിനെക്കുറിച്ച് ആധികാരികമായി പറയുവാന്‍ കഴിയുകയുള്ളൂ. എന്തായാലും ഓര്‍മ്മ വെച്ചതിനുശേഷം ഇതുണ്ടായിട്ടില്ല.  പക്ഷെ അദ്ദേഹം , രാത്രി നേരങ്ങളില്‍ എന്റെ പുതപ്പ് നേരെയാക്കിത്തരുന്നതും, ദേഹത്ത് വന്നിരിക്കുന്ന കൊതുകുകളെ കൊല്ലുന്നതും ഒക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതായത് സ്നേഹമില്ലയെന്നല്ല, അത് പ്രകടിപ്പിക്കാന്‍ അറിയില്ല. സ്നേഹം, വാത്സല്യം, ലാളനം തുടങ്ങിയ ലോലഭാവങ്ങളെ പ്രകടിപ്പിച്ചുപോയാല്‍ (മക്കളുടെ അടുക്കല്‍ പോലും) തങ്ങളുടെ പൌരുഷത്തിനു ഇടിവുതട്ടുമോ എന്ന ചിന്തയാണോ എന്തോ?


ഏതായാലും ഈ അനുഭവം എന്റെ ജീവിതത്തില്‍ ഒരു ക്രിയാത്മകമായ നേട്ടം ഉണ്ടാക്കിയെന്നു വേണം പറയാന്‍. ഞാന്‍ എന്നും എന്റെ ജീവിത സാഹചര്യങ്ങളെയും, അതിലെ പോരായ്മകളെയും, നന്മകളെയും കുറിച്ചൊക്കെ ചിന്തിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. അതില്‍ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി. അച്ഛന്റെ സ്നേഹവും, വാത്സല്യവും, ലാളനവും എനിക്ക് ലഭിച്ചിട്ടില്ല എന്ന്. അത് ഒരു അനുഗ്രഹമായി എന്ന് വേണം പറയാന്‍.  അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ വിലയെന്തെന്ന് ഞാന്‍ മനസ്സിലാക്കി.  ആ വിലപ്പെട്ട സ്നേഹം എന്റെ മക്കള്‍ക്ക്‌ നഷ്ടപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായിട്ട്‌ എന്റെ മക്കള്‍ക്ക്‌ സ്നേഹവും, ഉമ്മയും, ആലിംഗനവും, ലാളനയും നിര്‍ലോഭം നല്‍കാന്‍ ഞാന്‍ ശ്രദ്ധ പതിപ്പിക്കാറുണ്ട്.


നമ്മുടെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഗ്രഹമായി മാറുന്ന ഉദാഹരണങ്ങളില്‍ ഒന്നാണിത്.  എനിക്കുണ്ടായ ഒരു മോശപ്പെട്ട അനുഭവം എന്റെ കുട്ടികള്‍ക്ക് അനുഗ്രഹമായി മാറിയതിനാല്‍ അന്ന് അങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് പരാതിയില്ല. നാം (മാതാപിതാക്കള്‍) അങ്ങനെ വേണം. ഒരു മെഴുകുതിരിയെപ്പോലെ എല്ലാവര്‍ക്കും വെളിച്ചം പകര്‍ന്ന് സ്വയം ഉരുകിത്തീരണം. ഒരു പഴുത്ത ഇലയെപ്പോലെ കൊഴിഞ്ഞുവീണ് കുരുന്നിലകള്‍ക്ക് വളമായിത്തീരണം. മക്കള്‍ക്കും കുടുംബത്തിനും വേണ്ടി നിസ്വാര്‍ഥമായ സേവനം. പ്രതിഫലേച്ചയില്ലാത്ത, നന്ദിപ്രകടനങ്ങളും, കൈയ്യടികളും പ്രതീക്ഷിക്കാത്ത സേവനം. ഇങ്ങനെ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് ജീവിത സായാഹ്നത്തില്‍ നഷ്ടബോധവും, ദുഖവും ഉണ്ടാവുകയില്ല. പക്ഷെ മേല്‍പ്പറഞ്ഞ കാര്യം പറയുന്നതുപോലെ അത്ര എളുപ്പമല്ല പ്രാവര്‍ത്തികമാക്കാന്‍. എന്നാലും ശ്രമിച്ചു നോക്കാം.  വിജയത്തിന്റെ നിരക്ക് പൂര്‍ണ്ണമായും വ്യക്തിനിര്‍ഭരമാണ്.


നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. ഞാന്‍ മുകളില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയേ ഉള്ളൂ. നമ്മുടെ അണുകുടുംബത്തിലെ അംഗങ്ങളെങ്കിലും പരസ്പരം തൊടുകയും, കെട്ടിപ്പിടിക്കുകയും, ചിരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ഒക്കെ (സന്ദര്‍ഭത്തിനനുസരിച്ചു) ചെയ്യണം. സ്പര്‍ശം മാതാപിതാക്കളും മക്കളും തമ്മിലുള്ള അടുപ്പത്തിന് വേറെയൊരു തലം നല്‍കും. എന്റേത്, എന്റെ സ്വന്തം എന്ന ചിന്ത. ഒരു കൂരയ്ക്കുള്ളില്‍ പോലും തികച്ചും യാന്ത്രികമായി ജീവിക്കുന്ന, ഔപചാരിതകളോടെ ജീവിക്കുന്ന മാതാപിതാക്കളും മക്കളും ഉണ്ട് (എന്നെ വിശ്വസിക്കൂ, ഇത് സത്യമാണ്). ഈ ഔപചാരിതകളെല്ലാം വെടിഞ്ഞ്, സ്വാതന്ത്ര്യത്തോടെ പൊട്ടിച്ചിരിക്കാന്‍, കെട്ടിപ്പിടിക്കാന്‍, ഉമ്മവയ്ക്കാന്‍ കഴിയട്ടെ നമ്മുടെ വീടുകളില്‍. പക്ഷെ ഇതൊക്കെ തുടക്കം മുതല്‍ വേണം കേട്ടോ. അല്ലെങ്കില്‍ ഒരുതരം കോമാളിത്തരമായിപ്പോകും. ഇന്ന് വരെ ഒന്ന് കെട്ടിപ്പിടിചിട്ടില്ലാത്ത ഗൌരവക്കാരനായ അച്ഛന്‍ പതിനെട്ടുകാരനായ മകനെ ഉമ്മ വച്ചാല്‍ അത്  അരോചകമായിത്തോന്നുമെന്ന് പറയേണ്ടല്ലോ (അച്ഛനുള്ള അവകാശം നിഷേധിച്ചതല്ല കേട്ടോ. അച്ഛന്/അമ്മയ്ക്കും മകനെയും മകളെയും  ഏതു പ്രായത്തിലും ഉമ്മ വയ്ക്കാം).


മക്കള്‍ക്കും ഭാര്യക്കും നീതി കൊടുക്കണം


ഈ വാചകം കേള്‍ക്കുമ്പോള്‍ത്തന്നെ പലരുടെയും മനസ്സില്‍ ഒരു ചോദ്യമുണരും. ഇതിലിത്ര പറയാനെന്തിരിക്കുന്നു, അതൊക്കെ ഞാന്‍ എല്ലാ ദിവസവും ചെയ്യുന്നതല്ലേ എന്ന്? ശരിയാണ്. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കും ഭാര്യക്കും നീതി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ എന്താണ് ഇതിലെ പിശക്? അതാണ്‌ ഇവിടുത്തെ ചര്‍ച്ചാവിഷയം.  കുടുംബത്തിന്റെ നന്മ കരുതി ഗൃഹനാഥന്‍ എടുക്കുന്ന ചില തീരുമാനങ്ങളില്‍ മക്കള്‍ക്കോ ഭാര്യക്കോ ഒക്കെ എതിര്‍പ്പുണ്ടാകം. ചിലതൊക്കെ ന്യായവുമാകാം. എന്നാല്‍ നമ്മോടു സംസാരിക്കാനുള്ള മടികൊണ്ട്  ആ എതിര്‍പ്പൊക്കെ ഉള്ളില്‍ വച്ചെന്നിരിക്കും. ഉള്ളില്‍ അടക്കി വയ്ക്കുന്ന വിദ്വേഷം ഒരു അഗ്നിപര്‍വതം പോലെ ആണ്. ഒരു നാള്‍ ശക്തിയോടെ പൊട്ടിത്തെറിക്കും. അപ്പോള്‍ ഗൃഹനാഥന്മാര്‍ എന്താണ് ചെയ്യേണ്ടത്? നാം എടുക്കുന്ന തീരുമാനങ്ങളെയും, അതിന്റെ ശരിതെറ്റുകളെയും കുറിച്ച് ചര്‍ച്ച ചെയ്യുക. അതിനുവേണ്ടി നിങ്ങള്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ച് അവരോടു പറയുക. തന്റെ നിലപാടുകളെ വിശദീകരിക്കുക. അപ്പോള്‍ അവര്ക്ക് നിങ്ങളോട് വിദ്വേഷത്തിനു പകരം അഭിമാനമായിരിക്കും തോന്നുക. കുടുംബത്തില്‍ ഇത്തരം പബ്ലിസിറ്റി ഒക്കെ വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. വേണം എന്നാണ് എന്റെ ഉത്തരം. കാരണം കുടുംബമെന്നാല്‍ സമൂഹത്തിന്റെ ഏറ്റവും ചെറിയ പതിപ്പാണ്‌. അവിടെ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് സഹായിക്കുന്നത്. അതിനാല്‍ ആ കെട്ടുറപ്പിന് കൂടുതല്‍ ബലം നല്‍കാന്‍ സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഗൃഹനാഥന്മാര്‍ മറന്നു പോകരുത്.


അതുപോലെതന്നെ നമുക്ക് പലഘട്ടങ്ങളിലും കുട്ടികളെ ശിക്ഷിക്കേണ്ടതായി വരും. പക്ഷെ ആ നടപടി നമ്മുടെ ദേഷ്യം തീര്‍ക്കാനുള്ള പ്രതികാര നടപടി ആകരുത്. നിങ്ങള്‍ കോപത്താല്‍ ജ്വലിച്ചു നില്ക്കുകയാണെങ്കില്‍ അപ്പോള്‍ കുട്ടികളെ ശിക്ഷിക്കരുത്. അവര്‍ അര്‍ഹിക്കുന്നതിലും ഏറെ ശിക്ഷ അവര്‍ക്ക് കിട്ടാന്‍ അത് ഇടയാക്കും. സ്വന്തം കുഞ്ഞുങ്ങളോട് അത്തരം അനീതി കാണിക്കരുത്. എപ്പോഴും കുഞ്ഞുങ്ങളെ വിളിച്ചു അവര്‍ക്ക് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കുക. എന്നിട്ടും അവരുടെ ഭാഗത്ത്‌ തന്നെയാണ് തെറ്റെന്നും ശിക്ഷയ്ക്ക് യോഗ്യനെന്നും തോന്നിയാല്‍ അവരെ അവരുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. എന്നിട്ട് ന്യായമായ ശിക്ഷ നല്‍കുക. ഇങ്ങനെ അല്ലാത്തപക്ഷം നമ്മുടെ മക്കള്‍ നമ്മുടെ ശത്രുക്കളായി മാറും. നാം അവരോടു അനീതി കാട്ടി എന്ന ചിന്ത മക്കളുടെ മനസ്സില്‍ ഉണ്ടാകും.


ഞാന്‍ എന്റെ രീതി വിവരിക്കാം. കുട്ടികളെ കുറെയൊക്കെ നിയന്ത്രണത്തില്‍ വളര്‍ത്തിയിട്ടുള്ളതിനാല്‍ പലപ്പോഴും അവരെ നിയന്ത്രിക്കാന്‍ എന്റെ വാക്ക് തന്നെ മതിയാകും. അങ്ങനെയല്ലാതെ വരുന്ന ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെ അടുത്ത് വിളിക്കും. സംഭവത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം കേള്‍ക്കും. അവരുടെ തെറ്റ് അവര്‍ക്ക് വിശദീകരിച്ചു കൊടുക്കും. മുന്‍പ് കൊടുത്തിട്ടുള്ള നിര്‍ദേശങ്ങളുടെ ലംഘനമാണെങ്കില്‍ അടുത്ത പടിയിലേക്ക് നീങ്ങും. കുട്ടിയോട് തന്നെ കമ്പ് എടുത്തിട്ടുവരാന്‍ പറയും. അടികൊടുക്കും. അതിനുശേഷം കുട്ടിതന്നെ കമ്പ് തിരിച്ചു കൊണ്ട് വയ്ക്കും. ശിക്ഷ എപ്പോഴും തല്ലാകണമെന്നില്ല. ടിവി കാണാനുള്ള നിരോധനമാകാം, കളിക്കാനുള്ള നിരോധനമാകാം... അങ്ങനെ പോകുന്നു ശിക്ഷാ നടപടികള്‍.


കുട്ടികളുടെ വാദം കേള്‍ക്കാന്‍ ഒരിക്കലും വീഴ്ച വരുത്തരുത്. ഒരു പക്ഷെ മക്കള്‍ക്ക്‌ നിഷ്കളങ്കമായ ഒരു വിശദീകരണം ഉണ്ടാകാം. അതുകൊണ്ട് പിന്നെ ദുഖിക്കാനിടവരരുത്. ചങ്ങാലിപ്രാവിന്റെ കഥയോര്‍മ്മയുണ്ടാകുമല്ലോ? ഇല്ലെങ്കില്‍ ചുരുക്കിപ്പറയാം. അമ്മ പ്രാവ് തീറ്റ തേടാന്‍ പോകുന്നതിനു മുന്‍പ് കുഞ്ഞുപ്രാവിന്റെ കൈയ്യില്‍ ഒരു നാഴി പയര്‍ കൊടുത്തിട്ട് വറുത്തു വയ്ക്കണം എന്ന് പറഞ്ഞു. അമ്മ പ്രാവ് മടങ്ങി വന്നപ്പോള്‍ കുഞ്ഞിപ്രാവ് വറുത്ത പയര്‍ നല്‍കി. അളന്നു നോക്കിയപ്പോള്‍ അര നാഴി. കുഞ്ഞിപ്രാവ് തട്ടിപ്പ് കാണിച്ചതെന്ന് കരുതിയ ആ അമ്മ കുഞ്ഞിപ്രാവിനെ കൊത്തി കൊത്തി കൊന്നു. അതിനു ശേഷം അമ്മ പ്രാവ് തന്നെ ഒരുനാഴി പയര്‍ എടുത്തു വറുത്തു നോക്കി. വറുത്തു കഴിഞ്ഞപ്പോള്‍ പയര്‍ അര നാഴി. അമ്മപ്രാവിനു തന്റെ പ്രവൃത്തിയില്‍ കടുത്ത ദുഃഖം തോന്നി. കുഞ്ഞിന്റെ വാക്ക് കേള്‍ക്കാതെ അവളെ കൊതിക്കൊന്നതില്‍ ദുഖാര്‍ത്തയായ തള്ള പ്രാവ് തലതല്ലി ചത്തു. ഈ ദുരന്ത കഥ നമ്മുടെ വീടുകളില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.