ആമുഖം
ഒത്തിരി നാളുകളായി തുടങ്ങണം എന്ന് കരുതിയ ഒരു സംരംഭം ഇന്ന് ആരംഭിക്കുകയാണ്. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചാണ് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും, അവര്‍ക്ക് കുട്ടികളോടുള്ള സമീപനത്തെയും, കുട്ടികളെ വളര്‍ത്തുന്ന രീതിയെയും, ഇവയെല്ലാം കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെയും നിരീക്ഷിച്ചതില്‍ നിന്നും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു -- മാതാപിതാക്കളുടെ നിലപാടുകളാണ് മിക്കവാറും കുട്ടികളുടെയും ഭാഗദേയം നിര്‍ണ്ണയിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും അവയില്‍ ഉണ്ടായിരുന്ന കുറവുകളെ എങ്ങനെ പരിഹരിക്കാം എന്ന അന്വേഷണത്തിലൂടെയും നിരന്തരമായ നിരീക്ഷണത്തിലൂടെയും നടത്തിയ കണ്ടെത്തലുകളാണ് തുടര്‍ന്ന് വിവരിച്ചിട്ടുള്ളത്.
വിവാഹം, പിതൃത്വം തുടങ്ങിയ കാര്യങ്ങള്‍ അങ്ങേയറ്റം ഉത്തരവാദിത്തം നിറഞ്ഞ കാര്യങ്ങളാണ്. പക്ഷെ എത്രപേര്‍ ഇവയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എടുത്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്. വിവാഹത്തെ തന്നെ ലൈംഗികതയ്ക്കുള്ള സമ്മതപത്രമായാണ് പലരും കാണുന്നത്. അതിനോട് ചേര്‍ന്ന് കിടക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പലരും മനസ്സിലാക്കുന്നില്ല. വിവാഹത്തെക്കുറിച്ചുള്ള മോഹനസ്വപ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിഞ്ഞുവീഴും. ജീവതത്തിലെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായുള്ള ഒരു യുദ്ധമാണ് പിന്നീട്. അവയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്ത്തന്നെ അടുത്ത പ്രശ്നങ്ങളും അവതരിക്കുകയായി -- ഒരു കുട്ടിയുടെ വരവ്. ഒരു കുഞ്ഞിന്റെ ജനനം സന്തോഷദായകമാണെങ്കിലും അതിനെ നല്ല രീതിയില്‍ വളര്‍ത്തുവാന്‍ വേണ്ട അറിവും പരിശീലനവും ഇല്ലാത്തതിനാല്‍ അടുത്ത ഒരു ദുരന്തം കൂടി സംഭവിക്കുകയാണിവിടെ.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്പം അതിശയോക്തിപരമായിപ്പോയോ എന്ന് ചിലര്‍ക്ക് തോന്നാം. പക്ഷെ നാം കേള്‍ക്കാനും സ്വീകരിക്കാനും ഇഷ്ടപ്പെടാത്ത സത്യങ്ങളില്‍ ഒന്നാണിത്. മാതാപിതാക്കള്‍ക്ക് പറ്റുന്ന ഈ വീഴ്ചകളാണ് കുട്ടികള്‍ വഴി തെറ്റാനുള്ള പ്രധാന കാരണം. എല്ലാ കുട്ടികളും ഒരു പോലെയാണ് ജനിക്കുന്നത്. പൂ പോലെ നിര്‍മ്മലമായ ശരീരവും മനസ്സും ഉള്ളവര്‍. ഈ നിര്‍മ്മലങ്ങളായ പുഷ്പങ്ങള്‍ രക്തരക്ഷസ്സുകളായി മാറുന്നതെങ്ങനെ. രക്തരക്ഷസ്സുകളായി മാറുന്നതല്ല, മാറ്റപ്പെടുന്നതാണ്. നിഷ്കളങ്കരായിരുന്ന മക്കള്‍ രക്തരക്ഷസ്സുകളായി മാറുമ്പോള്‍ അത് കണ്ട് വിലപിക്കുന്ന മാതാപിതാക്കളെക്കണ്ട് നാം അവരോട് സഹതാപിക്കറുണ്ട്. അവിടെ ഒരു സത്യം മറയ്ക്കപ്പെടുന്നു. ഈ സത്വങ്ങളെ ഇത്തരത്തില്‍ ആക്കിയെടുത്തത് അവര്‍ തന്നെയാണെന്ന സത്യം.
ഈ അവസരത്തില്‍ ഞാന്‍ ചെറുപ്പത്തില്‍ കേട്ട ഒരു കഥയോര്‍ക്കുകയാണ്. കഥയിങ്ങനെയാണ് -- ഒരു അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. അച്ഛന് ഇല്ലാത്ത കുറവ് അറിയരുതെന്ന് കരുതി അവന് ചോദിച്ചതെല്ലാം നല്കി അവര്‍ അവനെ വളര്‍ത്തി. നല്ല ഭക്ഷണം, നല്ല വസ്ത്രം, പണം എല്ലാം. അവന് കിട്ടിയ പണമെല്ലാം ദുരുപയോഗിച്ച് ഒരു ധൂര്‍ത്തനായി നടന്നു. തന്റെ ധൂര്‍ത്തിന് പണം തികയാതെ വന്നപ്പോള്‍ അവന് മോഷണം തുടങ്ങി. അങ്ങനെ ഒരു മോഷണ ശ്രമത്തിനിടയില്‍ അവന് ഒരാളെ കൊന്നു. കൊലപാതകത്തിന് അവനെ വധശിക്ഷയ്ക്ക് വിധിച്ചു. തൂക്കുമരത്തിന് മുന്പില് നില്ക്കുമ്പോള് ആരാച്ചാര്‍ അവനോട് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു. എനിക്ക് എന്റെ അമ്മയോട് സംസാരിക്കണം എന്ന് അവന് പറഞ്ഞു. അധികൃതര്‍ അമ്മയെ മകന്റെ അടുത്തേയ്ക്ക് നയിച്ചു. അമ്മയുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതുപോലെ നടിച്ചതിനു ശേഷം അവന് അവരുടെ ചെവി കടിച്ചെടുത്ത് അലറി. സ്ത്രീയേ നിങ്ങള്‍ എന്റെ തെറ്റുകള്‍ യഥാ സമയം തിരുത്തിയിരുന്നെങ്കില്‍, എന്റെ ദുശ്ശീലങ്ങളെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ എനിക്ക് ഇന്നീ ഗതിയുണ്ടാകുമായിരുന്നില്ല. മേല്‍പ്പറഞ്ഞത് ഒരു കഥ മാത്രമാണെങ്കിലും അതില്‍ ഒരു വലിയ സന്ദേശം അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെ നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ചുള്ള സന്ദേശം.
പിടിവാശികളെയും, തെറ്റിനെയും പ്രോത്സാഹിപ്പിക്കാതിരിക്കുക.
മനുഷ്യന് വളരെ ബുദ്ധിയുള്ള ഒരു ജീവിയാണെന്ന് നമുക്കറിയാമല്ലോ. അതുകൊണ്ട് മനുഷ്യക്കുഞ്ഞുങ്ങളും അതുപോലെ വളരെ ബുദ്ധി ശക്തിയുള്ളവരാണെന്നതില് സംശയം വേണ്ട. വളരെ ചെറുപ്രായത്തില്‍ത്തന്നെ, നിങ്ങള്‍ ഊഹിക്കുന്നതിനെക്കാള്‍ ചെറുപ്രായത്തില്‍ത്തന്നെ അവര്‍ 'കളികള്‍' തുടങ്ങും. അല്‍ഭുതം തോന്നുന്നുണ്ടാകുമല്ലേ? അതെ, ഏതാണ്ട് ഒന്നര വയസ്സ് മുതല്‍ അവര്‍ താനുമായി ഇടപെടുന്ന ആള്‍ക്കാരെ മനസ്സിലാക്കി അതിനനുസ്സരിച്ചു പ്രതികരിച്ചു തുടങ്ങും. രണ്ടു രണ്ടര വയസ്സ് മുതല്‍ അവര്‍ മാതാപിതാക്കളുടെ ബലഹീനതകള്‍ മനസ്സിലാക്കി നീക്കങ്ങള്‍ നടത്തിത്തുടങ്ങും. എങ്ങനെയെന്നല്ലേ? ഉദാഹരണത്തിന് അവര്‍ക്ക് എന്തെങ്കിലും ഒരു സാധനം (ഭക്ഷണമോ, കളിപ്പാട്ടമോ) വേണമെന്നിരിക്കട്ടെ. അവര്‍ അതിനായി കരച്ചില് തുടങ്ങും. മാതാപിതാക്കള്‍ ഓടിയെത്തി അവരെ ആശ്വസിപ്പിക്കും. അവര്‍ക്ക് വേണ്ടത് നല്‍കും. പതിയെ പതിയെ അവര്‍ക്ക് ഒരു കാര്യം മനസ്സിലാകും -- ഞാന്‍ കരഞ്ഞാല്‍ എനിക്ക് വേണ്ടത് കിട്ടും എന്ന്. പ്രായം രണ്ടു വയസ്സിനടുത്താകുമ്പോള് മാതാപിതാക്കളും അവരുടെ 'കളി' തുടങ്ങണം. 'കളി' എന്നൊക്കെ കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, ഈ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോട് എന്നാ കളി കളിക്കാനാണ് എന്നൊക്കെ. തീര്‍ച്ചയായും, നമുക്ക് അവരുടെ പ്രായത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടായിരിക്കണം. കൊച്ചു തുമ്പിയെക്കൊണ്ട് പൊങ്ങാന്‍ പറ്റാത്ത കല്ലെടുപ്പിക്കുന്നതുപോലെ ആകരുത്. അവരുടെ നന്മ മാത്രമായിരിക്കണം നമ്മുടെ നീക്കങ്ങളുടെ പ്രചോദനം, ലക്ഷ്യം.
സല്‍പ്രവൃത്തികളെ, നേട്ടങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക.
മേല്‍പ്പറഞ്ഞത് പോലെ ഏതാണ്ട് 2 വയസ്സ് മുതല്‍ കാര്യങ്ങളുടെ നിയന്ത്രണം, അല്ലെങ്കില്‍ കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍ ഉണ്ടായിരിക്കണം. ഈ പ്രായത്തില്‍ നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം. കുട്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തെന്നിരിക്കട്ടെ. അപ്പോള്‍ നാം അവരെ പ്രോത്സാഹിപ്പിക്കണം. കൈയ്യടിക്കുകയും, ചിരിക്കുകയും, അവരെ കെട്ടിപ്പിടിക്കുകയും വേണം. കുട്ടികളുടെ സല്‍പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കരുത്. മാത്രമല്ല ഇത് എന്നും തുടരണം. സല്‍പ്രവൃത്തികള്‍ക്ക് ഇങ്ങനെ ലഭിക്കുന്ന അംഗീകാരം അവര്‍ക്ക് വലിയ ഒരു പ്രചോദനമായിരിക്കും. എന്റെ അനുഭവം അതാണ് കാണിക്കുന്നത്. ചെറിയ കുട്ടികള്‍ നമ്മെ അവരുടെ ആദര്‍ശ വ്യക്തികളായിക്കാണുന്നു. അതിനാല്‍ നമ്മെ സന്തോഷിപ്പിക്കാനായി, നമുക്ക് ഇഷ്ടമുണ്ട്/സമ്മതമാണെന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് വലിയ താല്പര്യമായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ 'ഇഷ്ടങ്ങളും, അനിഷ്ടങ്ങളും' -- അതായത് തെറ്റും ശരിയും അവരെ എപ്പോഴും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ നമുക്ക് അവരോടുള്ള വിശ്വാസവും പ്രകടിപ്പിക്കണം.
അതെങ്ങനെയെന്നു വച്ചാല്‍ അവരോടു നാം പറയണം, 'മോന്/മോള് ഒരു നല്ല കുട്ടിയാണ്. മോന്/മോള് അങ്ങനെ ചെയ്യില്ല' (ഏതെങ്കിലും തെറ്റായ കാര്യം). കുട്ടികളില്‍ നാം അര്‍പ്പിക്കുന്ന വിശ്വാസവും അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാകും.അതുപോലെതന്നെ വേണ്ടാത്ത കാര്യങ്ങള്‍ക്കു കുട്ടി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. അല്പമൊക്കെ കരഞ്ഞെന്നിരിക്കും. പക്ഷെ തെറ്റായ കാര്യങ്ങള്‍ക്കുള്ള പിടിവാശി പ്രോത്സാഹിപ്പിക്കരുത്. ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാം ഇപ്പോള്‍ ഇടപെടുന്നത് വളരെ ചെറിയ ഒരു കുട്ടിയോടാണ്. അതിന് വലിയ ഒരു മാനസികാഘാതമോ, പേടിയോ ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ. അല്ലെങ്കില്‍ വിപരീത ഫലമായിരിക്കും ഉണ്ടാകുക. അതായത് ഒരു ഇളം കമ്പിനെ വളച്ചാല്‍ വളഞ്ഞുതരും. കൂടുതല്‍ വളച്ചാലോ, ഒടിയും. ഇത് മറക്കാതിരിക്കുക. അതായത്, കുഞ്ഞു ഒത്തിരി കരയുകയോ മറ്റോ ചെയ്താല്‍ കുറച്ചു വിട്ടുവീഴ്ച്ചയാകാം. അത് കുഞ്ഞിനെ ആശ്വസിപ്പിക്കലാകാം. കുഞ്ഞിന്റെ പിടിവാശി അനുവദിക്കലാകണമെന്നില്ല. ഇനി വേണ്ടി വന്നാല്‍ പിടിവാശി അനുവദിക്കുകയുമാകം -- കുഞ്ഞിന്റെ നന്മ കരുതി. പക്ഷെ അടുത്ത സന്ദര്‍ഭത്തിലും നാം നമ്മുടെ നിലപാട് പഴയതുപോലെ ആക്കണം. അതായത് കുട്ടി എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ അവരെ പ്രോത്സാഹിപ്പിക്കണം. അതുപോലെതന്നെ വേണ്ടാത്ത കാര്യങ്ങള്‍ക്കു കുട്ടി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കരുത് / നിരുല്സാഹപ്പെടുത്തണം. മേല്‍പ്പറഞ്ഞ പ്രക്രിയ കുറച്ചു നാളുകൊണ്ട് മാത്രമേ വിജയത്തിലെത്തിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഒരു ഇളം കമ്പിനെ കൂടുതല്‍ വളച്ചാല്‍ ഒടിയും എന്ന പ്രധാന തത്വം മറക്കാതിരിക്കുക.ഒരു ദിവസം കൊണ്ടോ, ഏതാനും ദിവസങ്ങള്‍ കൊണ്ടോ കുഞ്ഞിനെ അനുസരണ പഠിപ്പിക്കാമെന്നു കരുതിയാല്‍ തെറ്റി. ഇത് ഒരു നിരന്തരമായ പ്രക്രിയ ആണ്. നല്ല പ്രവൃത്തികളെ അനുമോദിക്കുക, തെറ്റായ പ്രവൃത്തികളെ നിരുല്സാഹപ്പെടുത്തുക. സാവകാശം ബുദ്ധിമാനായ കുഞ്ഞ് ഒരു കാര്യം മനസ്സിലാക്കും. നല്ല കാര്യങ്ങള്‍ക്ക് ഇവിടെ പ്രോത്സാഹനം ലഭിക്കും. പിടിവാശി ഇവിടെ ചിലവാകുകയില്ല.
അച്ചടക്കം കുരുന്നിലേ പഠിപ്പിക്കണം
ഇനി വേറൊരു കാര്യം പറയാം. ഒരു അച്ഛന് കുറച്ചു മിഠായിയുമായി വീട്ടില്‍ വന്നു എന്നിരിക്കട്ടെ. ആ വീട്ടില്‍ പല പ്രായത്തിലുള്ള മക്കളുമുണ്ട് -- ഒരു വയസ്സുകാരന് മുതല്‍ പന്ത്രണ്ടു വയസ്സുകാരന് വരെ. ആ അച്ഛന് മിഠായി ആദ്യം നല്കുന്നതാര്ക്കായിരിക്കും-- ഒരു സംശയവും വേണ്ട, കൂട്ടത്തിലെ ഏറ്റവും ഇളയ ആള്‍ക്ക് തന്നെയായിരിക്കും. ഇങ്ങനെ പല പ്രാവശ്യം ആവര്‍ത്തിച്ചു കഴിയുമ്പോള്‍ ഇളയ ആള്‍ക്ക് ഒരു കാര്യം മനസ്സിലാകും -- ആദ്യത്തെ പങ്കിന് അര്‍ഹന്‍ ഞാനാണെന്ന്. അങ്ങനെ അത് ഒരു അലിഖിത നിയമമായി മാറും.
പക്ഷെ ഈ അച്ഛന് (അതായത് ഗ്രന്ഥകര്‍ത്താവ്) അതില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ മിഠായി കൊണ്ടുവന്നതിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചതിനു ശേഷം കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ക്ക് കൊടുക്കും. ചിലപ്പോള്‍ ഞാന്‍ കഴിച്ചെന്നിരിക്കും. അല്ലെങ്കില്‍ എനിക്കിഷ്ടമുള്ള ആര്‍ക്കെങ്കിലും കൊടുത്തെന്നിരിക്കും. അല്ലാതെ ഇളയ കുഞ്ഞിനു ആദ്യം, അല്ലെങ്കില്‍ അവന്/അവള് കരയും എന്ന നിയമം ഇവിടെ നടപ്പില്ല.
ആദ്യമൊക്കെ നാം ഇങ്ങനെ ചെയ്യുമ്പോള്‍ ഇളയ ആള് അല്‍പ്പം പരാക്രമമൊക്കെ കാണിക്കും. കാണിച്ചില്ലെന്കിലെ അത്ഭുതമുള്ളൂ. കുഞ്ഞുങ്ങള്‍ കാണിക്കുന്നത് ഏതു ജീവിയുടെയും സ്വാഭാവികമായ (സ്വന്തം നിലനില്‍പ്പിനു വേണ്ടിയുള്ള) പ്രതികരണം മാത്രമാണ്. നിലനില്‍പ്പിനു ഭക്ഷണം കൂടിയേ തീരൂ. അതിനാല്‍ അത് കയ്യടക്കാന്‍ ഏതു ജീവിയും സ്വാഭാവികമായി ശ്രമിക്കും. പക്ഷെ മനുഷ്യന് അങ്ങനെ ഏതെങ്കിലും ജീവിയല്ലല്ലോ. സംസ്കാരമുള്ള, വിദ്യ ആര്‍ജ്ജിച്ച ഒരു ജീവിയാണ് മനുഷ്യന്. അവന് അവന്റെ സമൂഹത്തില്‍ ജീവിക്കുന്നതിന് കാടന്‍ രീതികളൊക്കെ വെടിഞ്ഞ് നാടന്‍ രീതികള്‍ സ്വീകരിക്കേണ്ടി വരും. ഈ നാടന്‍ രീതികളില്‍ ഒന്നാണ് അച്ചടക്കം. അത് നമ്മള് കുട്ടികളെ “അച്ചടക്കം” എന്ന വാക്കിന്റെ അര്‍ഥം അറിയാന്‍ പറ്റാത്ത ആ പ്രായം മുതല്‍ പഠിപ്പിച്ചു തുടങ്ങണം.
തിരിച്ച് മിഠായി വിതരണത്തിലേയ്ക്ക് വരാം. അച്ഛന് മിഠായി സ്വയം കഴിക്കുമ്പോഴോ, മുതിര്‍ന്ന കുട്ടികള്‍ക്ക് കൊടുക്കുമ്പോഴോ ഇളയ കുട്ടികള്‍ കൈകള്‍ കുടഞ്ഞും, ചാടിയും ഒക്കെ തങ്ങളുടെ അസഹിഷ്ണുത വെളിവാക്കും. ചിലര്‍ കരയാന്‍ ശ്രമിക്കും. അപ്പോള്‍ അവരോടു തരാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിനു ശേഷം വീണ്ടും ഒരു മുതിര്‍ന്ന ആള്‍ക്ക് മിഠായി കൊടുക്കണം. ഒരു കുട്ടി മാത്രമുള്ള വീട്ടിലാണെങ്കിലും ഈ പരിപാടി നടത്തണം. അവിടെ മുതിര്‍ന്ന കുട്ടികളായി അച്ഛനും, അമ്മയുമായിരിക്കും എന്ന് മാത്രം. തുടര്‍ന്ന് ഇളയ കുട്ടിക്കും മിഠായി നല്‍കണം. ഈ പതിവ് കുറച്ചു ദിവസങ്ങള്‍ ആവര്‍ത്തിച്ചാല്‍ ചെറിയ ആള് തന്റെ ഊഴത്തിനു വേണ്ടി കാത്തിരിക്കാന്‍ പഠിക്കും.
ആശയടക്കം പഠിപ്പിക്കാന്‍ വേറെയും വഴികളുണ്ട്. ഉദാഹരണമായി കടയില്‍ നിന്നും മിഠായി വാങ്ങി നല്‍കിയിട്ട് വീട്ടില്‍ ചെന്ന് കഴിച്ചാല്‍ മതിയെന്ന് പറയണം. കുഞ്ഞുങ്ങള്‍ കഴിക്കാന്‍ ശ്രമിച്ചെന്നിരിക്കും. അതിനെ സ്നേഹപൂര്‍വ്വം എന്നാല്‍ കര്‍ക്കശമായി വിലക്കണം. വീട്ടില്‍ ചെന്നാലുടന്‍ കഴിക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. പരീക്ഷിച്ചു നോക്കൂ. വിജയം ഉറപ്പാണ്. ഈ നടപടിയുടെ സാരാംശം ഇതാണ് -- അവര്‍ക്ക് നീതി നിഷേധിക്കില്ല, എന്നാല്‍ അല്‍പ്പം കാത്തിരിപ്പും, ക്ഷമയുമൊക്കെ വേണ്ടി വരും.
അതുപോലെ തന്നെ പ്രധാനമാണ് പൊതുസ്ഥലങ്ങളില്‍ ഉള്ള നമ്മുടെ കുട്ടികളുടെ പെരുമാറ്റം. ഉദാഹരണത്തിന് ഒരു കുടുംബം തങ്ങളുടെ ചെറിയ കുട്ടികളുമായി മറ്റൊരു വീട്ടില്‍ വിരുന്നിനു പോയി എന്ന് കരുതുക. മക്കളെ യഥേഷ്ടം മേയാന്‍ വിട്ടിട്ട് അച്ഛനമ്മമാര്‍ വാചകമടിച്ചിരിക്കും. കുട്ടികള്‍ ആതിഥേയ ഭവനത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തി, ആപത്തുകള്‍ക്കും ഇടയാക്കി അലഞ്ഞുതിരിഞ്ഞു നടക്കും. ചില മാതാപിതാക്കള്‍ ഇതൊക്കെ കണ്ടാലും കാണാത്ത മട്ടുനടിച്ചിരിക്കും. നമ്മുടെ മക്കളെ നിയന്ത്രിച്ച് നിര്‍ത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ മക്കളുടെ സുരക്ഷയുടെ ഉത്തരവാദിത്തവും നമുക്ക് തന്നെയാണ്. അതിനാല്‍
അവരെ നിയന്ത്രിക്കേണ്ടത് (പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍) മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
ഡല്‍ഹിക്കാരനായ ഒരു പിതാവിനെ എനിക്കറിയാം. ഒരിക്കല്‍ അദ്ദേഹം പറയുകയാണ് -- "എനിക്ക് ഒരു കംപ്യുട്ടര്‍ വാങ്ങണമെന്നുണ്ട്. പക്ഷേ വാങ്ങിയാല്‍ എന്റെ മകന് അതിനെ നശിപ്പിക്കും" എന്ന്. സ്വന്തം മക്കളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്ത, അവര്‍ക്ക് അച്ചടക്കം പഠിപ്പിക്കാന്‍ കഴിവില്ലാത്ത താങ്കള്‍ ഒരു അച്ഛന്റെ പദവിക്ക് യോഗ്യനല്ല. കാരണം താങ്കളെപ്പോലെയുള്ളവര്‍ ഉണ്ടാക്കിവിടുന്നത് ആമുഖത്തില്‍ വിവരിച്ചതുപോലെ രക്തരക്ഷസ്സുകളെയാണ്, സാമൂഹ്യദ്രോഹികളെയാണ്. ഒരു കുഞ്ഞിന്റെ ഭാവി നശിപ്പിച്ചതിന് നാളെ നിങ്ങള്‍ക്കുത്തരം പറയേണ്ടിവരും.
ഇല്ല എന്ന വാക്ക് കേള്‍ക്കാനും, ഉള്‍ക്കൊള്ളാനും സജ്ജമാക്കണം
പലരും മക്കളോടുള്ള അത്യധികമായ സ്നേഹവും വാത്സല്യവും നിമിത്തം അവരുടെ ഏതാവശ്യവും നടത്തിക്കൊടുക്കാന്‍ സദാ തയ്യാറായിരിക്കും. സ്നേഹം നല്ലതുതന്നെ. അവരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധ്യം വേണ്ടതുമാണ്. പക്ഷേ അവിടെയാണ് പ്രശ്നം. അവരുടെ ആവശ്യങ്ങള്‍ എന്ത് അനാവശ്യങ്ങള്‍ എന്ത് തിരിച്ചറിയാനുള്ള വിവേകം ചില മാതാപിതാക്കള്‍ക്കെങ്കിലും ഇല്ലാതെപോകുന്നു. ഫലമോ അമിത ലാളനയാല് വഷളായ, "ഇല്ല", "പറ്റില്ല", "ഇപ്പോള്‍ പറ്റില്ല" തുടങ്ങിയ മാതാപിതാക്കളുടെ നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊള്ളാന്‍ തെല്ലും കൂട്ടാക്കാത്ത, തന്റെ ആഗ്രഹ നിവൃത്തിക്കുവേണ്ടി എന്ത് കോപ്രായവും കാട്ടിക്കൂട്ടുന്ന ഒരു വില്ലനെ / വില്ലത്തിയെ ആയിരിക്കും അവര്‍ സൃഷ്ടിച്ചെടുക്കുക.
ഇനി എന്താണ് ഇതിനൊരു പരിഹാരം. കുട്ടികളെ "ഇല്ല", "പറ്റില്ല", "ഇപ്പോള്‍ പറ്റില്ല" തുടങ്ങിയ കാര്യങ്ങള്‍ക്കൂടി കേള്‍ക്കാനും ഉള്‍ക്കൊള്ളാനും സജ്ജമാക്കണം. ഉദാഹരണമായി കുട്ടി വന്ന് ടിവി കണ്ടോട്ടെ എന്ന് ചോദിച്ചു എന്ന് കരുതുക. (അതെ കുട്ടികള്‍ ടിവി കാണുന്നതിന് മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരിക്കണം. അവര്‍ എന്ത് കാണുന്നു, എത്രനേരം കാണുന്നു എന്നതിലും മാതാപിതാക്കളുടെ നിയന്ത്രണം ഉണ്ടായിരിക്കണം). പഠനമൊക്കെ കഴിഞ്ഞല്ലോ എനിക്ക് ഇപ്പോള്‍ ടിവി കിട്ടും എന്ന പ്രതീക്ഷയോടെയായിരിക്കും കുട്ടി വന്നിരിക്കുന്നതും. ഇടയ്ക്കൊക്കെ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുകയും അത് കുട്ടി അനുസരിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. പിടിവാശിക്ക് ശ്രമിച്ചാല്‍ അത് നടക്കില്ല എന്ന് വ്യക്തമായ സന്ദേശം കുട്ടിയ്ക്ക് കൊടുക്കണം. ഇപ്പറഞ്ഞ കാര്യം നന്നേ ചെറുപ്പം മുതല്‍ ചെയ്തുവന്നാല്‍ നിയന്ത്രിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ തീരുമാനങ്ങള്‍ മാതാപിതാക്കള്‍ എടുക്കുകയും കുട്ടി അത് അനുസരിക്കുകയും ചെയ്യുന്ന സ്ഥിതി ആയിരിക്കണം. മറിച്ചാകരുത് കാര്യങ്ങള്‍.
സ്നേഹം മനസ്സിലുണ്ടായാല്‍ പോര, പ്രകടിപ്പിക്കണം.
എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ട്. വളരെ ദുഷ്ടരാണെന്ന് അയല്പക്കക്കാര് കരുതുന്ന വ്യക്തികള്‍ പോലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെ മനസ്സലിവുള്ളവരായിരിക്കും. ചില മാതാപിതാക്കള്‍ കുഞ്ഞുങ്ങളോടും അല്പം കാര്‍ക്കശ്യമൊക്കെ കാണിച്ചെന്നിരിക്കും. പക്ഷെ അതും മക്കളോടുള്ള സ്നേഹം കൊണ്ടും അവര്‍ നന്നാകണം എന്ന ചിന്തകൊണ്ടും ഒക്കെയാണെന്നെ കരുതാന്‍ നിര്‍വാഹമുള്ളൂ. എന്നാല്‍ ഇതിനു അപവാദങ്ങളില്ലെന്നില്ല കേട്ടോ. ചില മാതാപിതാക്കള്‍ തികഞ്ഞ സ്വാര്‍ഥരും, ദുഷ്ടരും, ക്രൂരരുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ മുതലെടുത്ത് ജീവിക്കുന്നവര്‍ വരെയുണ്ട്. ഭാഗ്യവശാല്‍ ഇക്കൂട്ടര്‍ ഒരു ന്യൂനപക്ഷമാണ്.
എന്റെ അനുഭവം പറയട്ടെ. എന്റെ അച്ഛന് പൊതുവേ ഒരു പരുക്കന്‍ പ്രകൃതമായിരുന്നു. ദേഷ്യം മൂക്കിനു തുമ്പത്ത്. അദ്ദേഹം ജീവിതത്തിലൊരിക്കലും എന്നെയൊന്നു കെട്ടിപ്പിടിച്ചതായിട്ടോ, ഉമ്മവച്ചതായിട്ടോ എനിക്ക് ഓര്‍മ്മയില്ല. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാകാം. ഒരു പക്ഷെ അതൊക്കെ ഓര്‍മ്മ നില്‍ക്കാനുള്ള പ്രായമായിട്ടില്ലാത്ത കാലത്താകാം. അമ്മയ്ക്കേ അതിനെക്കുറിച്ച് ആധികാരികമായി പറയുവാന്‍ കഴിയുകയുള്ളൂ. എന്തായാലും ഓര്‍മ്മ വെച്ചതിനുശേഷം ഇതുണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം രാത്രി നേരങ്ങളില്‍ എന്റെ പുതപ്പ് നേരെയാക്കിത്തരുന്നതും, ദേഹത്ത് വന്നിരിക്കുന്ന കൊതുകുകളെ കൊല്ലുന്നതും ഒക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതായത് സ്നേഹമില്ലയെന്നല്ല, അത് പ്രകടിപ്പിക്കാന്‍ അറിയില്ല. സ്നേഹം, വാത്സല്യം, ലാളനം തുടങ്ങിയ ലോലഭാവങ്ങളെ പ്രകടിപ്പിച്ചുപോയാല്‍ (മക്കളുടെ അടുക്കല്‍ പോലും) തങ്ങളുടെ പൌരുഷത്തിനു ഇടിവുതട്ടുമോ എന്ന ചിന്തയാണോ എന്തോ?
ഏതായാലും ഈ അനുഭവം എന്റെ ജീവിതത്തില്‍ ഒരു ക്രിയാത്മകമായ നേട്ടം ഉണ്ടാക്കിയെന്നു വേണം പറയാന്‍. ഞാന്‍ എന്നും എന്റെ ജീവിത സാഹചര്യങ്ങളെയും, അതിലെ പോരായ്മകളെയും, നന്മകളെയും കുറിച്ചൊക്കെ ചിന്തിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. അതില്‍ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി. അച്ഛന്റെ സ്നേഹവും, വാത്സല്യവും, ലാളനവും എനിക്ക് ലഭിച്ചിട്ടില്ല എന്ന്. അത് ഒരു അനുഗ്രഹമായി എന്ന് വേണം പറയാന്‍. അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ വിലയെന്തെന്ന് ഞാന്‍ മനസ്സിലാക്കി. ആ വിലപ്പെട്ട സ്നേഹം എന്റെ മക്കള്‍ക്ക് നഷ്ടപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായിട്ട് എന്റെ മക്കള്‍ക്ക് സ്നേഹവും, ഉമ്മയും, ആലിംഗനവും, ലാളനയും നിര്‍ലോഭം നല്കാന് ഞാന്‍ ശ്രദ്ധ പതിപ്പിക്കാറുണ്ട്.
നമ്മുടെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഗ്രഹമായി മാറുന്ന ഉദാഹരണങ്ങളില്‍ ഒന്നാണിത്. എനിക്കുണ്ടായ ഒരു മോശപ്പെട്ട അനുഭവം എന്റെ കുട്ടികള്‍ക്ക് അനുഗ്രഹമായി മാറിയതിനാല്‍ അന്ന് അങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് പരാതിയില്ല. നാം (മാതാപിതാക്കള്‍) അങ്ങനെ വേണം. ഒരു മെഴുകുതിരിയെപ്പോലെ എല്ലാവര്ക്കും വെളിച്ചം പകര്‍ന്ന് സ്വയം ഉരുകിത്തീരണം. ഒരു പഴുത്ത ഇലയെപ്പോലെ കൊഴിഞ്ഞുവീണ് കുരുന്നിലകള്‍ക്ക് വളമായിത്തീരണം. മക്കള്‍ക്കും കുടുംബത്തിനും വേണ്ടി നിസ്വാര്‍ഥമായ സേവനം. പ്രതിഫലേച്ചയില്ലാത്ത, നന്ദിപ്രകടനങ്ങളും, കൈയ്യടികളും പ്രതീക്ഷിക്കാത്ത സേവനം. ഇങ്ങനെ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് ജീവിത സായാഹ്നത്തില്‍ നഷ്ടബോധവും, ദുഖവും ഉണ്ടാവുകയില്ല. പക്ഷെ മേല്‍പ്പറഞ്ഞ കാര്യം പറയുന്നതുപോലെ അത്ര എളുപ്പമല്ല പ്രാവര്‍ത്തികമാക്കാന്‍. എന്നാലും ശ്രമിച്ചു നോക്കാം. വിജയത്തിന്റെ നിരക്ക് പൂര്‍ണ്ണമായും വ്യക്തിനിര്ഭരമാണ്.
നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. ഞാന്‍ മുകളില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയേ ഉള്ളൂ. നമ്മുടെ അണുകുടുംബത്തിലെ അംഗങ്ങളെങ്കിലും പരസ്പരം തൊടുകയും, കെട്ടിപ്പിടിക്കുകയും, ചിരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ഒക്കെ (സന്ദര്ഭത്തിനനുസരിച്ചു) ചെയ്യണം. സ്പര്‍ശം മാതാപിതാക്കളും മക്കളും തമ്മിലുള്ള അടുപ്പത്തിന് വേറെയൊരു തലം നല്‍കും -- എന്റേത്, എന്റെ സ്വന്തം എന്ന ചിന്ത. ഒരു കൂരയ്ക്കുള്ളില്‍ പോലും തികച്ചും യാന്ത്രികമായി ജീവിക്കുന്ന, ഔപചാരിതകളോടെ ജീവിക്കുന്ന മാതാപിതാക്കളും മക്കളും ഉണ്ട് (എന്നെ വിശ്വസിക്കൂ, ഇത് സത്യമാണ്). ഈ ഔപചാരിതകളെല്ലാം വെടിഞ്ഞ്, സ്വാതന്ത്ര്യത്തോടെ പൊട്ടിച്ചിരിക്കാന്‍, കെട്ടിപ്പിടിക്കാന്‍, ഉമ്മവയ്ക്കാന്‍ കഴിയട്ടെ നമ്മുടെ വീടുകളില്‍. പക്ഷെ ഇതൊക്കെ തുടക്കം മുതല്‍ വേണം കേട്ടോ. അല്ലെങ്കില്‍ ഒരുതരം കോമാളിത്തരമായിപ്പോകും. ഇന്ന് വരെ ഒന്ന് കെട്ടിപ്പിടിചിട്ടില്ലാത്ത ഗൌരവക്കാരനായ അച്ഛന് പതിനെട്ടുകാരനായ മകനെ ഉമ്മ വച്ചാല്‍ അത് അരോചകമായിത്തോന്നുമെന്ന് പറയേണ്ടതില്ലല്ലോ (അച്ഛനുള്ള അവകാശം നിഷേധിച്ചതല്ല കേട്ടോ. അച്ഛന്/അമ്മയ്ക്കും മകനെയും മകളെയും ഏതു പ്രായത്തിലും ഉമ്മ വയ്ക്കാം).
വീട്ടിലെ പ്രശ്നങ്ങള്‍ (സാമ്പത്തികം ഉള്‍പ്പടെ) കുട്ടികള്‍ അറിഞ്ഞിരിക്കണം.
പല മാതാപിതാക്കളുടെയും പ്രസ്താവന കേള്‍ക്കാം -- "ഞങ്ങള്‍ അവനെ / അവളെ ഒന്നും അറിയിക്കാതെയാണ് വളര്‍ത്തിയത്". ഇവിടെ ഉദ്ദേശിക്കുന്നത് ബുദ്ധിമുട്ടുകളെയാണെന്ന് വ്യക്തമാണ്. പക്ഷേ വീട്ടിലെ ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, സാമ്പത്തിക പരാധീനതകളും ഉള്‍പ്പടെയുള്ള മിക്കവാറും കാര്യങ്ങള്‍ മക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് മക്കള്‍ മനസ്സിലാക്കണം. അത് (i) മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ച് ഒരു അവബോധം കുട്ടികളിലുണ്ടാക്കും (ii) വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്മാരാക്കും. ഉദാഹരണമായി ഞാന്‍ പോര്‍ട്ട് ബ്ലെയറില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം ഭാര്യയും മോനും കൂടി ATM-ല്‍ നിന്ന് പണമെടുക്കാന്‍ പോയി. മകനെക്കൊണ്ടാണ് പണം എടുപ്പിച്ചത്. സ്റ്റേറ്റ്മെന്റില്‍ ബാലന്‍സ് കണ്ട മകന് അമ്മയോട് ചോദിച്ചു "അമ്മാ ഈ മാസത്തെ ചിലവ് ഇത്രയും പണം കൊണ്ട് നടക്കുമോ?" എന്ന്.
നമ്മുടെ ബാങ്ക് ബാലന്‍സ് ഇത്രയാണെന്നും, ഇന്നയിന്ന കാര്യങ്ങള്‍ക്ക് ഇത്രയിത്ര പണം വേണ്ടിവരുമെന്നും അവര്‍ അറിയണം. അത് മനസ്സിലാക്കുന്ന കുട്ടി പണത്തിന്റെ വില മനസ്സിലാക്കി ജീവിക്കും. ഇക്കാര്യം മറ്റു മിക്കവാറും കാര്യങ്ങളില്‍ ബാധകമാണ്. പച്ചക്കറികളുടെയും, പലചരക്ക് സാധനങ്ങളുടെയും മറ്റും വില, അനുദിനമെന്നോണമുള്ള വിലക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ അറിയിക്കണം. ചെറിയ പര്‍ച്ചേസ് ഒക്കെ ചെയ്യുമ്പോള്‍ നമ്മുടെ മേല്‍നോട്ടത്തില്‍ കുട്ടികളെക്കൊണ്ട് ഇടപാടുകള്‍ നടത്തിക്കണം. പണം കൊടുത്ത് ബാലന്‍സ് ശരിയായി വാങ്ങാന്‍ പഠിപ്പിക്കണം. എന്തെങ്കിലും ചെറിയ തെറ്റുകള്‍ വന്നാലും കുഴപ്പമില്ല. അവര്‍ക്ക് പറ്റിയ മണ്ടത്തരം അവരെ പറഞ്ഞുമനസ്സിലാക്കണം. അത് ഭാവിയില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവനെ സഹായിക്കും.
ഇഹലോകത്തിലെ സംഘര്‍ഷങ്ങളെ നേരിടാന്‍ മക്കളെ പ്രാപ്തരാക്കുകയെന്നതാണ് മാതാപിതാക്കളുടെ ദൌത്യം. നമ്മള് എന്നും അവരോടൊപ്പം ഉണ്ടായിരിക്കില്ല. അതുകൊണ്ട് ഉള്ള സമയംകൊണ്ട് അവരെ ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുക. മൃഗങ്ങളെ കണ്ടു പഠിക്കുക. ആദ്യമൊക്കെ മൃഗങ്ങളെ കൊന്നുകൊണ്ടുവരുന്ന സിംഹി പിന്നീട് കൊല്ലാതെ കൊണ്ടുവരും. എന്നിട്ട് കുഞ്ഞുങ്ങളുടെ മുന്നില്‍ വിട്ടുകൊടുക്കും. മൃഗക്കുഞ്ഞുങ്ങളെയാണ് പൊതുവേ ഈ കാര്യത്തിന് ഉപയോഗിക്കുന്നത്. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് വലിയ മൃഗങ്ങള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് അപകടം വരുത്താന്‍ സാധ്യത ഉണ്ട്. രണ്ട് തന്റെ കുഞ്ഞുങ്ങളുടെ പരിമിതികളെക്കുറിച്ച് ആ അമ്മ ബോധവതിയാണ്. ഒരു മൃഗത്തിന്റെ വിവേകം പോലും കാണിക്കാതെ നമ്മില്‍ പലരും മക്കളെ വെറും ഇത്തിള്ക്കണ്ണികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നും അച്ഛനമ്മമാരുടെ നിഴലായി നടക്കുന്ന, സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ഇത്തിള്‍ക്കണ്ണികള്‍.
മധ്യസ്ഥന്റെ / മധ്യസ്ഥയുടെ റോള്‍ ചെയ്യരുത്
അച്ചന്റെയും അമ്മയുടെയും രീതികള്‍ മനസ്സിലാക്കിയ മക്കള്‍ കാലക്രമേണ ഒരാളിലേക്ക് ചായാനുള്ള ഒരു താല്പര്യം കാണിക്കും. പ്രത്യേകിച്ച് ആരാണോ കൂട്ടത്തില്‍ സൗമ്യപ്രകൃതം അയാളോട്. ഉദാഹരണമായി അമ്മ സൗമ്യപ്രകൃതവും അച്ഛന് അല്പം കര്‍ക്കശക്കാരനും ആണെന്ന് കരുതുക. എന്തെങ്കിലും കാര്യങ്ങള്‍ നേടാന്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ അമ്മയെ സമീപിച്ച് കാര്യം പറയും. അമ്മ പോയി അച്ഛന്റെ മുന്നില്‍ വിഷയം അവതരിപ്പിക്കും. കാര്യം നടന്നു. ഇതിലെന്തിത്ര കാര്യം എന്നാകും പലരുടെയും പ്രതികരണം. എന്നാല്‍ അതില്‍ ഒരു വലിയ കാര്യമുണ്ട്. മക്കള്‍ എന്തെങ്കിലും കാര്യങ്ങളുമായി അമ്മയെ സമീപിക്കുമ്പോള്‍ അമ്മ അവരുടെ മധ്യസ്ഥം ഏറ്റെടുക്കാതെ അച്ഛനോട് നേരിട്ട് പോയി പറയൂ എന്നാണ് പറയേണ്ടത്. മക്കള്‍ക്ക് അച്ഛനുമായി ചെറിയ ഒരു അകല്‍ച്ച ഉള്ളതുകൊണ്ടാണല്ലോ അമ്മയുടെ മധ്യസ്ഥം തേടിയത്. ഈ അവസ്ഥ തുടരുന്നതുവഴി അച്ഛനുമായുള്ള അകല്‍ച്ച (മാനസികമായി) വര്‍ധിക്കുകയേയുള്ളൂ. അതുകൊണ്ട് അമ്മ ആ അകല്‍ച്ച കൂട്ടാനുള്ള പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. ഏതു ഘടകമാണോ മക്കള്‍ക്ക് തന്നില്‍നിന്ന് അകല്‍ച്ചയ്ക്ക് കാരണമായത് അത് തിരുത്താന്‍ അച്ഛനും ശ്രമിക്കണം. തീര്‍ച്ചയായും മധ്യസ്ഥപ്പണി മാതാപിതാക്കളുടെയിടയില് വേണ്ടേ വേണ്ട.
മക്കള്‍ക്കും, ഭാര്യക്കും നീതി കൊടുക്കണം.
ഈ വാചകം കേള്‍ക്കുമ്പോള്‍ത്തന്നെ പലരുടെയും മനസ്സില്‍ ഒരു ചോദ്യമുണരും. ഇതിലിത്ര പറയാനെന്തിരിക്കുന്നു, അതൊക്കെ ഞാന്‍ എല്ലാ ദിവസവും ചെയ്യുന്നതല്ലേ എന്ന്? ശരിയാണ്. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കും ഭാര്യക്കും നീതി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ എന്താണ് ഇതിലെ പിശക്? അതാണ് ഇവിടുത്തെ ചര്‍ച്ചാവിഷയം. കുടുംബത്തിന്റെ നന്മ കരുതി ഗൃഹനാഥന് എടുക്കുന്ന ചില തീരുമാനങ്ങളില്‍ മക്കള്‍ക്കോ ഭാര്യക്കോ ഒക്കെ എതിര്പ്പുണ്ടാകം. ചിലതൊക്കെ ന്യായവുമാകാം. എന്നാല്‍ നമ്മോടു സംസാരിക്കാനുള്ള മടികൊണ്ട് ആ എതിര്‍പ്പൊക്കെ ഉള്ളില്‍ വച്ചെന്നിരിക്കും. ഉള്ളില്‍ അടക്കി വയ്ക്കുന്ന വിദ്വേഷം ഒരു അഗ്നിപര്‍വതം പോലെ ആണ്. ഒരു നാള് ശക്തിയോടെ പൊട്ടിത്തെറിക്കും.
അപ്പോള്‍ ഗൃഹനാഥന്മാര് എന്താണ് ചെയ്യേണ്ടത്? നാം എടുക്കുന്ന തീരുമാനങ്ങളെയും, അതിന്റെ ശരിതെറ്റുകളെയും കുറിച്ച് ചര്‍ച്ച ചെയ്യുക. അതിനുവേണ്ടി നിങ്ങള്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ച് അവരോടു പറയുക. തന്റെ നിലപാടുകളെ വിശദീകരിക്കുക. അപ്പോള്‍ അവര്‍ക്ക് നിങ്ങളോട് വിദ്വേഷത്തിനു പകരം അഭിമാനമായിരിക്കും തോന്നുക. കുടുംബത്തില്‍ ഇത്തരം പബ്ലിസിറ്റി ഒക്കെ വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. വേണം എന്നാണ് എന്റെ ഉത്തരം. കാരണം കുടുംബമെന്നാല് സമൂഹത്തിന്റെ ഏറ്റവും ചെറിയ പതിപ്പാണ്. അവിടെ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് സഹായിക്കുന്നത്. അതിനാല്‍ ആ കെട്ടുറപ്പിന് കൂടുതല്‍ ബലം നല്കാന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഗൃഹനാഥന്മാര് മറന്നു പോകരുത്.
അതുപോലെതന്നെ നമുക്ക് പലഘട്ടങ്ങളിലും കുട്ടികളെ ശിക്ഷിക്കേണ്ടതായി വരും. പക്ഷെ ആ നടപടി നമ്മുടെ ദേഷ്യം തീര്‍ക്കാനുള്ള പ്രതികാര നടപടി ആകരുത്. നിങ്ങള്‍ കോപത്താല്‍ ജ്വലിച്ചു നില്ക്കുകയാണെങ്കില് അപ്പോള്‍ കുട്ടികളെ ശിക്ഷിക്കരുത്. അവര്‍ അര്‍ഹിക്കുന്നതിലും ഏറെ ശിക്ഷ അവര്‍ക്ക് കിട്ടാന്‍ അത് ഇടയാക്കും. സ്വന്തം കുഞ്ഞുങ്ങളോട് അത്തരം അനീതി കാണിക്കരുത്. എപ്പോഴും കുഞ്ഞുങ്ങളെ വിളിച്ചു അവര്‍ക്ക് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കുക. എന്നിട്ടും അവരുടെ ഭാഗത്ത് തന്നെയാണ് തെറ്റെന്നും ശിക്ഷയ്ക്ക് യോഗ്യനെന്നും തോന്നിയാല്‍ അവരെ അവരുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. എന്നിട്ട് ന്യായമായ ശിക്ഷ നല്‍കുക. ഇങ്ങനെ അല്ലാത്തപക്ഷം നമ്മുടെ മക്കള്‍ നമ്മുടെ ശത്രുക്കളായി മാറും. നാം അവരോടു അനീതി കാട്ടി എന്ന ചിന്ത മക്കളുടെ മനസ്സില്‍ ഉണ്ടാകും.
ഞാന്‍ എന്റെ രീതി വിവരിക്കാം. കുട്ടികളെ കുറെയൊക്കെ നിയന്ത്രണത്തില്‍ വളര്ത്തിയിട്ടുള്ളതിനാല് പലപ്പോഴും അവരെ നിയന്ത്രിക്കാന്‍ എന്റെ വാക്ക് തന്നെ മതിയാകും. അങ്ങനെയല്ലാതെ വരുന്ന ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെ അടുത്ത് വിളിക്കും. സംഭവത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം കേള്‍ക്കും. അവരുടെ തെറ്റ് അവര്‍ക്ക് വിശദീകരിച്ചു കൊടുക്കും. മുന്‍പ് കൊടുത്തിട്ടുള്ള നിര്‍ദേശങ്ങളുടെ ലംഘനമാണെങ്കില്‍ അടുത്ത പടിയിലേക്ക് നീങ്ങും. കുട്ടിയോട് തന്നെ കമ്പ് എടുത്തിട്ടുവരാന്‍ പറയും. അടികൊടുക്കും. അതിനുശേഷം കുട്ടിതന്നെ കമ്പ് തിരിച്ചു കൊണ്ട് വയ്ക്കും. ശിക്ഷ എപ്പോഴും തല്ലാകണമെന്നില്ല. ടിവി കാണാനുള്ള നിരോധനമാകാം, കളിക്കാനുള്ള നിരോധനമാകാം... അങ്ങനെ പോകുന്നു ശിക്ഷാ നടപടികള്‍.
കുട്ടികളുടെ വാദം കേള്‍ക്കാന്‍ ഒരിക്കലും വീഴ്ച വരുത്തരുത്. ഒരു പക്ഷെ മക്കള്‍ക്ക് നിഷ്കളങ്കമായ ഒരു വിശദീകരണം ഉണ്ടാകാം. അതുകൊണ്ട് പിന്നെ ദുഖിക്കാനിടവരരുത്. ചങ്ങാലിപ്രാവിന്റെ കഥയോര്മ്മയുണ്ടാകുമല്ലോ? ഇല്ലെങ്കില്‍ ചുരുക്കിപ്പറയാം. അമ്മ പ്രാവ് തീറ്റ തേടാന്‍ പോകുന്നതിനു മുന്‍പ് കുഞ്ഞുപ്രാവിന്റെ കൈയ്യില്‍ ഒരു നാഴി പയര്‍ കൊടുത്തിട്ട് വറുത്തു വയ്ക്കണം എന്ന് പറഞ്ഞു. അമ്മ പ്രാവ് മടങ്ങി വന്നപ്പോള്‍ കുഞ്ഞിപ്രാവ് വറുത്ത പയര്‍ നല്കി. അളന്നു നോക്കിയപ്പോള്‍ അര നാഴി. കുഞ്ഞിപ്രാവ് തട്ടിപ്പ് കാണിച്ചതെന്ന് കരുതിയ ആ അമ്മ കുഞ്ഞിപ്രാവിനെ കൊത്തി കൊത്തി കൊന്നു. അതിനു ശേഷം അമ്മ പ്രാവ് തന്നെ ഒരുനാഴി പയര്‍ എടുത്തു വറുത്തു നോക്കി. വറുത്തു കഴിഞ്ഞപ്പോള്‍ പയര്‍ അര നാഴി. അമ്മപ്രാവിനു തന്റെ പ്രവൃത്തിയില്‍ കടുത്ത ദുഃഖം തോന്നി. കുഞ്ഞിന്റെ വാക്ക് കേള്‍ക്കാതെ അവളെ കൊത്തിക്കൊന്നതില് ദുഖാര്‍ത്തയായ തള്ള പ്രാവ് തലതല്ലി ചത്തു. ഈ ദുരന്ത കഥ നമ്മുടെ വീടുകളില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
സ്വീകാര്യമല്ലാത്ത നിലപാടുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക
ഒരു ഉദാഹരണത്തിലൂടെ ഈ കാര്യം വിശദീകരിക്കാം. അച്ഛനമ്മമാര്‍ തങ്ങളുടെ പ്രേമവിവാഹത്തെയും, സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും എതിര്‍പ്പുകളെ ചെറുത്ത് തോല്പ്പിച്ചതിനെയും പറ്റി മക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു. മക്കളില്‍ മൂത്തവള്‍ മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് ഒരുത്തനെ പ്രേമിച്ചു. ഇത് വീട്ടിലറിഞ്ഞതോടെ ഭൂകമ്പമായി, കരച്ചിലായി, പിഴിച്ചിലായി. ചുരുക്കം പറഞ്ഞാല്‍ മകള്‍ക്ക് മാതൃക കാട്ടിയ മാതാപിതാക്കള്‍ തന്നെ മകളുടെ പ്രേമത്തിനെതിരായി. മകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസൃതമായി നല്ലൊരു കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍, തങ്ങളുടെ പ്രേമവിവാഹത്തെ വലിയ ഒരു കാര്യമായി മകളുടെ മുന്നില്‍ അവതരിപ്പിക്കരുതായിരുന്നു. മറിച്ച് ചെറുപ്പംമുതല്‍ തന്നെ പ്രേമവിവാഹം ഒരു നല്ല കാര്യമല്ലെന്നും, അതിന് പരാജയ സാധ്യതകള്‍ ഏറെയാണെന്നും, സമൂഹത്തിന്റെയും കുടുംബത്തിന്റെയും അപ്രീതിക്ക് പ്രേമവിവാഹിതര് പാത്രീഭാവിക്കുമെന്നും, പ്രേമവിവാഹം പരാജയത്തില്‍ കലാശിച്ചതിന്റെ നമുക്കുചുറ്റുമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മകളെ പ്രേമവിവാഹം എന്ന കാര്യത്തില്‍ നിന്ന് അകറ്റി നിര്‍ത്താമായിരുന്നു. മേല്‍പ്പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്. അതിന്റെ ലക്ഷ്യം മാതാപിതാക്കള്‍ക്ക് സ്വീകാര്യമല്ലാത്ത നിലപാടുകളെ പരോക്ഷമായിപ്പോലും പ്രോത്സാഹിപ്പിക്കരുത് എന്ന സന്ദേശം നല്‍കുക മാത്രമാണ്. പ്രേമവിവാഹം തെറ്റാണെന്നോ മറ്റെന്തെങ്കിലും ശരിയാണെന്നോ ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
മാതാപിതാക്കള്‍ തമ്മിലുള്ള ഭിന്നതകളും, വഴക്കുകളും മക്കളും അറിയണം.
മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ കഴിവതും അവരുടെ സ്വകാര്യതകളില്‍ ആയിരിക്കണം എന്നും കഴിവതും ഒരു മുറിയടച്ച് അതിനുള്ളില്‍ ആയിക്കൊള്ളണമെന്നും, പിന്നീട് മക്കളുടെ മുന്നില്‍ ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടണമെന്നും ചില 'മനശ്ശാസ്ത്ര അജ്ഞര്‍' പറഞ്ഞതായി കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ ഈ നിലപാടിനോട് യോജിക്കുന്നില്ല. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവില്‍നിന്ന് ചീത്തവിളിയോ, ശാരീരിക ഉപദ്രവമോ ഏല്ക്കുന്ന സാഹചര്യത്തില്‍ താന്‍ ഏതു നരകത്തിലാണ് വന്നുപെട്ടതെന്നോര്ത്ത് വിഷമിച്ചുപോകും. മധുവിധുരാത്രിതന്നെ തന്റെ സ്വപ്നങ്ങളല്ല യാഥാര്‍ഥ്യം എന്ന് തിരിച്ചറിഞ്ഞ് സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ച പാവം പെണ്‍കുട്ടികളുടെ കഥകള്‍ നാം എത്രയോ കേട്ടിട്ടുണ്ട്. മറിച്ച് ഇതെല്ലാം കണ്ടുവളര്ന്നവളോ, ഇതെല്ലാം എല്ലായിടത്തും ഉള്ളതാണ്, ജീവിതത്തിന്റെ ഭാഗമാണ് എന്ന് കരുതി ആശ്വസിക്കും. പുരുഷപ്രധാനമായ ഒരു സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളാണിവ. വഴക്കും, വക്കാണവും ഒന്നുമില്ലാത്ത ഒരു ആദര്‍ശ ലോകത്തിലേക്ക് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ അയയ്ക്കാന്‍ കഴിയില്ലെങ്കില്‍, ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവളെ പരിശീലിപ്പിക്കുകയാണ് ബുദ്ധി.
പക്ഷേ ഇതിന് ഒരു മറുവശം കൂടിയുണ്ട്. അച്ഛനമ്മമാരുടെ വഴക്കിന്റെ ശൌര്യം കണ്ട് മക്കള്‍ പേടിച്ചരണ്ടു പോയിട്ടുണ്ടാകും. അവരെ ഏതു വഴക്കിനിടയിലും ആശ്വസിപ്പിക്കാനും, ധൈര്യം പകരാനും മാതാവിനും പിതാവിനും കടമയുണ്ട്. മക്കള്‍ പേടിക്കേണ്ട എന്ന് പറഞ്ഞ് ആശ്ലേഷിച്ച് അവരെ ശാന്തരാക്കാന്‍ കഴിയണം. വഴക്കുകള്‍ പരിധികള്‍ കടന്നുപോയി മക്കളുടെ പിഞ്ചുമനസ്സില്‍ മായാത്ത ക്ഷതങ്ങള്‍ ഏല്‍പ്പിക്കാന്‍ മാതാപിതാക്കള്‍ ഇടയാക്കരുത്.
മക്കളുടെ വിശ്വാസം നേടിയെടുക്കണം.
വളര്‍ന്നു വരുന്ന മക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഒരു കാര്യമാണ്. മക്കള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ നാനാവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. അവരുടെ സഹപാഠികള്‍, അധ്യാപകര്‍, സ്കൂളിലേയ്ക്ക് അവരെ കൊണ്ടുപോകുന്ന ഓട്ടോ/ടാക്സി ഡ്രൈവര്‍മാര്‍, എന്തിന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ വരെ അവരുടെ മാനസ്സിക, ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. മാത്രമല്ല അവര്‍ പലവിധ ആരോഗ്യ പ്രശ്നങ്ങളെയും നേരിടാറുണ്ട്. ചില രോഗവിവരങ്ങള്‍ മുതിര്‍ന്നവര്‍ പോലും അന്യരോട് പറയാന്‍ മടിക്കുന്ന തരത്തിലുള്ളതാകാം. ഉദാഹരണമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍. ഇവിടെയാണ് മക്കളുടെ പൂര്‍ണ്ണ വിശ്വാസം ആര്‍ജ്ജിക്കുന്നതിന്റെ ആവശ്യകത വരുന്നത്.
നമ്മുടെ മക്കളെ ഓരോരോ കെണികളില്‍ പെടുത്തുവാന്‍ കഴുകന് കണ്ണുകളുമായി ധാരാളംപേര്‍ നമുക്കുചുറ്റും കറങ്ങിനടപ്പുണ്ട്. ചില കുട്ടികള്‍ ഇവര്‍ വിരിച്ച വലകളില്‍ ചെന്ന് കുടുങ്ങും. മറ്റു ചിലരെ ചതിയില്‍പ്പെടുത്തി കുടുക്കും. ഈ കഴുകന്മാരുടെ കുതന്ത്രങ്ങളെ നേരിടാനുള്ള കഴിവില്ലാത്ത കുഞ്ഞുമക്കള്‍ ഈ ചതിക്കുഴികളില്‍ കൂടുതല്‍ കൂടുതല്‍ താഴ്ന്നുപോകും. അങ്ങനെ അവര്‍ മാനസ്സികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്കിരയായി നശിക്കുവാന്‍ ഇടയാകും.
ഇതിനുള്ള പരിഹാരമാണ് ഇനി ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്. മാസത്തിലൊരിക്കലെങ്കിലും മക്കളെയെല്ലാം വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കണം. അതോടൊപ്പം അവരുടെ മനസ്സില്‍ നമുക്ക് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. അതായത് പ്രതിസന്ധികളുണ്ടാകുമ്പോള്‍ എനിക്ക് താങ്ങും തണലുമായി എന്റെ മാതാപിതാക്കള്‍ ഉണ്ടായിരിക്കുമെന്നും എന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ അവര്‍ കൈക്കൊള്ളും എന്നുമുള്ള വിശ്വാസം മക്കളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് ഉടന്‍തന്നെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ അവര്‍ അതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്നും അവയ്ക്ക് പരിഹാരം ഉണ്ടാക്കുമെന്നുള്ള വിശ്വാസം മക്കളുടെ വിശ്വാസം നേടിയെടുത്തു എന്നതുകൊണ്ട് അവര്‍ പ്രശ്നങ്ങളിലൊന്നും പെടില്ല എന്നര്‍ത്ഥമില്ല. വലകളുമായി കഴുകന്മാര് കറങ്ങി നടക്കുമ്പോള്‍ മക്കള്‍ ചതിക്കുഴികളില്‍ വീഴാനിടയുണ്ട്. എന്നാല്‍ മാതാപിതാക്കളെ വിശ്വാസമുള്ള ഒരു കുട്ടി വിവരം അവരെ അറിയിക്കുകയും പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കുകയും ചെയ്യും. താന്‍ ഒരു കുരുക്കില്‍ പെട്ടു എന്ന് തോന്നുന്ന നിമിഷം അവരുടെ മാതാപിതാക്കളുടെ മുഖം കുട്ടിയ്ക്ക് ഓര്‍മ്മ വരണം. എന്ത് പ്രതിസന്ധിയാണെങ്കിലും എന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ എന്റെ മാതാപിതാക്കള്‍ ഉണ്ടാകുമെന്ന വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കണം. ഇത് കൂടെക്കൂടെയുള്ള ഉറപ്പുകൊടുക്കലിലൂടെയാണ് / ഓര്‍മ്മപ്പെടുത്തലുകളിലൂടെയാണ് രൂപപ്പെടുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞതുപോലെ മാസത്തിലൊരിക്കലെങ്കിലും മക്കളെയെല്ലാം വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കണം. അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊടുക്കുവാനും ശ്രമിക്കണം. ആ വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ മാതാപിതാക്കളേ നിങ്ങള്‍ വലിയൊരു നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.നമ്മുടെ മുദ്രാവാക്യം ഇതാണ് -- മക്കളേ നിങ്ങളുടെ പ്രശ്നങ്ങളും, ആകുലതകളും ഞങ്ങള്‍ക്ക് തരൂ, നിങ്ങള്‍ക്ക് സ്വസ്ഥമായ ഒരു ജീവിതം ഞങ്ങള്‍ ഉറപ്പുതരാം. നിങ്ങളെ ചൂഷണം ചെയ്യുന്നവരെ ഞങ്ങള്‍ക്ക് കാണിച്ചുതരൂ, അവര്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നമാകാതിരിക്കാന്‍ വേണ്ടത് ഞങ്ങള്‍ ചെയ്യാം. നിങ്ങളെ ഉപദ്രവിക്കുന്നവരെ നിങ്ങളുടെ പപ്പ / അമ്മ കൈകാര്യം ചെയ്തോളാം എന്ന ഉറപ്പ് മക്കള്‍ക്ക് കൊടുക്കൂ. അവര്‍ നിങ്ങളില്‍നിന്ന് ഒന്നും മറച്ചുവയ്ക്കില്ല.
അതുപോലെ തന്നെ ചില അസുഖങ്ങളുടെ വിവരങ്ങള്‍ (പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളില്‍ ഉണ്ടാകുന്നവ) മറച്ചുവയ്ക്കാന്‍ കുട്ടികള്‍ ശ്രമിക്കാറുണ്ട്. എന്ത് പ്രശ്നം വന്നാലും സങ്കോചം കൂടാതെ കുട്ടിക്ക് നമ്മളെ സമീപിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. രോഗങ്ങള്‍ മറച്ചുവയ്ക്കരുതെന്നും മാതാപിതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ അവയ്ക്ക് ഉടന്‍ പ്രതിവിധി ഉണ്ടാകുമെന്നും അവര്‍ക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കണം. അതില്‍ വിജയിച്ചാല്‍ മുള്ളുകൊണ്ട് എടുക്കേണ്ടതിനെ മുള്ളുകൊണ്ട്തന്നെ എടുക്കാന്‍ കഴിയും...